ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. പോർച്ചുഗൽ ദേശീയ ടീമിന്റെ നായകനായ 41കാരൻ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് തന്റെ തീരുമാനം അറിയിച്ചത്. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കുശേഷം ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി അഴിച്ചുവെക്കുമെന്ന് റൊണാൾഡോ വ്യക്തമാക്കി.
പോർച്ചുഗീസ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളിലൊരാളായ റൊണാൾഡോ, പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്.
പോർച്ചുഗലിനായി ഇതുവരെ 234 മത്സരങ്ങൾ കളിച്ച റൊണാൾഡോ 146 ഗോളുകളാണ് നേടിയത്. 2003 ഓഗസ്റ്റ് 20ന് കസാഖിസ്ഥാനെതിരെയായിരുന്നു ദേശീയ ടീമിനായുള്ള സിആർ 7 ന്റെ അരങ്ങേറ്റം. 2004ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗ്രീസിനെതിരെയാണ് റൊണാൾഡോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ പിറന്നത്. ആ ടൂർണമെന്റോടെയാണ് ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറാനുള്ള റൊണാൾഡോയുടെ യാത്രയ്ക്ക് തുടക്കമായി.
വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം പോർച്ചുഗീസ് ആരാധകർക്കായി വികാരനിർഭരമായ സന്ദേശവും താരം പങ്കുവെച്ചു. “പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു. 23 വർഷക്കാലം ആ ജഴ്‌സി ധരിക്കാനും അതിനെ പ്രതിരോധിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അത് അഭിമാനത്തോടെ കൊണ്ടുപോകാനും എനിക്ക് അവസരം ലഭിച്ചു. ആ ജഴ്‌സി എന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് എല്ലായ്പ്പോഴും തോന്നിയിരുന്നു. അതൊരു വലിയ പദവിയും ഉത്തരവാദിത്തവുമായിരുന്നു,” റൊണാൾഡോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതേസമയം പോർച്ചുഗൽ ദേശീയ ടീമിനായുള്ള റൊണാൾഡോയുടെ കണക്കുകൾ അദ്ദേഹത്തിന്റെ അസാധാരണമായ സ്ഥിരതയും ദീർഘകാലത്തെ മികവും വ്യക്തമാക്കുന്നതാണ്. 234 മത്സരങ്ങളിൽനിന്ന് നേടിയ 146 ഗോളുകളുമായി പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മറ്റെല്ലാ താരങ്ങളേക്കാളും ഏറെ മുന്നിലാണ് അദ്ദേഹം. അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണ ഹാട്രിക്കും രണ്ട് തവണ ഒരേ മത്സരത്തിൽ നാല് ഗോളുകളും നേടിയിട്ടുണ്ട്.
146 ഗോളുകളിൽ 124 എണ്ണവും ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, യുവേഫ നേഷൻസ് ലീഗ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും അവയുടെ യോഗ്യതാ മത്സരങ്ങളിലുമാണ് പിറന്നത്. ശേഷിക്കുന്ന 22 ഗോളുകൾ സൗഹൃദ മത്സരങ്ങളിൽനിന്നും 2003ൽ ദേശീയ ടീമിലെത്തിയ റൊണാൾഡോ പിന്നീട് പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരമായി മാറി.
ലോകകപ്പ് ചരിത്രത്തിലും റൊണാൾഡോയ്ക്ക് സ്വന്തമായി റെക്കോർഡുകളുണ്ട്. ആറ് വ്യത്യസ്ത ഫിഫ ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലാണ് റൊണാൾഡോയുടെ ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തിൽ ആകെ 11 ഗോളുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും റൊണാൾഡോയുടെ റെക്കോർഡുകൾ ശ്രദ്ധേയമാണ്. ആറ് യൂറോ ടൂർണമെന്റുകളിലായി 14 ഗോളുകൾ നേടിയ അദ്ദേഹം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 2016ലാണ് റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് പിറന്നത്. ഫ്രാൻസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം രാജ്യത്തിന്റെ ആദ്യ യൂറോ കിരീടത്തിൽ നിർണായക പങ്കുവഹിച്ചു. തുടർന്ന് 2019ലും 2025ലും യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ പോർച്ചുഗൽ ടീമിന്റെയും പ്രധാന ഭാഗമായിരുന്നു റൊണാൾഡോ.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. റെക്കോർഡുകളും കിരീടങ്ങളും അവിസ്മരണീയ പ്രകടനങ്ങളും സമ്മാനിച്ച റൊണാൾഡോയുടെ പോർച്ചുഗൽ ജഴ്‌സിയിലെ അവസാന അധ്യായത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.