തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതോടെയാണ് നാളെ മുതൽ തിരുവോണം വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.






