കോഴിക്കോട് ∙ കൃത്യനിർവഹണത്തിനിടെ പോലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീട്ടുപരിസരത്ത് ഒരാൾ ബഹളം വയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
കൈയിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ റോഡിൽ നിന്ന് ബഹളം വയ്ക്കുന്ന സുജിത്തിനെയാണ് പൊലീസ് കണ്ടത്. പരുക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ സുജിത്ത് പ്രകോപിതനായി എസ്.ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയായിരുന്നു.
ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്.ഐയുടെ കൈമുട്ടിനും വയറിനും കഴുത്തിനും പരുക്കേറ്റു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് സുജിത്തിനെ കീഴടക്കി ആംബുലൻസിൽ കയറ്റി. പരുക്കേറ്റ എസ്.ഐയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സുജിത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.






