സ്റ്റേജ് ഷോകളിലും സിനിമയിലും ഒരുമിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവർ. നവാസും രഹ്നയും. വേദിയിലെ പരിചയം ജീവിതത്തിലെ കൂട്ടായ്മയിലേക്ക് വളർന്നപ്പോൾ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായി. എന്നാൽ ഒരു വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് നവാസ് വിടപറഞ്ഞതോടെ രഹ്നയുടെ ജീവിതവും മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.
നവാസിനെക്കുറിച്ച് പറയുമ്പോഴെല്ലാം പലരും ഓർക്കുന്ന മുഖമാണ് രഹ്നയുടേത്. ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള വേദനകൾക്കിടയിലും ഇപ്പോൾ രഹ്ന വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തിലൂടെയാണ് രഹ്നയുടെ മടങ്ങിവരവ്.
അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന്റെ അനുഭവം പങ്കുവച്ചുള്ള രഹ്നയുടെ പുതിയ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉള്ളിലെ വേദനകൾ മറച്ചുവച്ച് ക്യാമറയ്ക്ക് മുന്നിൽ ചിരിക്കുകയും കഥാപാത്രമായി മാറുകയും ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്ന് രഹ്ന പറയുന്നു. എന്നാൽ മക്കൾക്കുവേണ്ടി അതും പഠിച്ചെടുക്കുകയായിരുന്നുവെന്നും താരം കുറിച്ചു.
”ഉള്ളിലെ കത്തുന്ന തീ അടക്കി വെച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ, എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് ജോലി ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ, അവർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.”
അഭിനയത്തിലേക്ക് മടങ്ങിയെത്താൻ തനിക്ക് ആത്മവിശ്വാസം നൽകിയവർക്കും രഹ്ന നന്ദി അറിയിച്ചു. വേദനകൾക്കിടയിലും മുന്നോട്ടുപോകാൻ ശ്രമിക്കുന്ന തന്റെ ജീവിതയാത്രയിൽ നവാസിന്റെ ഓർമകൾ എന്നും ഒപ്പമുണ്ടാകുമെന്നും താരം പറയുന്നു.
“നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു”, എന്നാണ് രഹ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നവാസിനൊപ്പമുള്ള ചിത്രമാണ് രഹ്നയുടെ പോസ്റ്റിൽ ആദ്യം പങ്കുവച്ചിരിക്കുന്നത്. അതിനൊപ്പമാണ് ‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവച്ചത്.
ഒരുപാട് ഓർമകളും വേദനകളും മനസിലൊളിപ്പിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ രഹ്നയുടെ തിരിച്ചുവരവിന് പിന്തുണയുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തുകയാണ്. നവാസിന്റെ ഓർമകൾക്കൊപ്പം, മക്കൾക്കായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രഹ്നയുടെ പുതിയ തുടക്കമാണിത്.
മകളെ പിടിച്ചുകൊണ്ടുപോകുന്നത് തടഞ്ഞു, പിതാവിനെ കുത്തിപ്പരിക്കേല്പ്പിച്ച് ലീഗ് നേതാവ്






