തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതുപോലെ പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി നടപ്പിലാക്കുക. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി ഈ ബസുകളിൽ യാത്ര ചെയ്യാം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.’സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര സ്‌കീം നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയും ആദ്യ വാർത്താസമ്മേളനത്തിൽ തന്നെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
അതുപോലെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും ഗതാഗതമന്ത്രി സി.പി. ജോൺ നേരത്തേ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകും. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും. ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെഎസ്ആർടിസി സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സർക്കാർ നൽകും.
അതേസമയം ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 750-800 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും. അതിനാൽതന്നെ മറ്റു ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളു.
















































