തിരുവനന്തപുരം: തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും താൻ നിരന്തരം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ഫോണിലൂടെ പല കാര്യങ്ങളും മനഃപൂർവം തെറ്റിച്ചാണ് പറയാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ഭരണഘടനാദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസാരിക്കുമ്പോഴും കാറിൽ യാത്ര ചെയ്യുമ്പോഴും വീട്ടിലും മുറിയിലുമെല്ലാം എത്തുമ്പോൾ നിരീക്ഷണത്തിലാണെന്ന ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫോൺ പോലും ചോർത്തുന്നുണ്ടെന്ന് അറിയാമെന്നും അതിനാൽ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജോർജ്ജ് ഓർവെല്ലിന്റെ പ്രശസ്തമായ ‘1984’ എന്ന പുസ്തകത്തെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കോളേജ് പഠനകാലത്ത് പുസ്തകം വായിച്ചതിനെ തുടർന്ന് ഒരുമാസത്തോളം പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഭരണകൂടം ജനങ്ങളെ നിരീക്ഷിക്കുന്നതായിരുന്നു പുസ്തകത്തിന്റെ പ്രമേയം.
എന്നാൽ ഇപ്പോൾ നിരീക്ഷണത്തെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും താൻ നിരീക്ഷണത്തിലാണെന്ന കാര്യം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരാണ് ഫോൺ ചോർത്തുന്നതെന്നോ ആരാണ് നിരീക്ഷണത്തിന് പിന്നിലെന്നോ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.