റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ രണ്ട് സഹോദരങ്ങൾ ഭാര്യമാരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താക്കന്മാരേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾ തമ്മിലുണ്ടായിരുന്ന ദീർഘകാല തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ആംബുലൻസ് ഡ്രൈവറായ ശിവ് ശങ്കർ സാഹുവും സഹോദരൻ നവീൻ സാഹുവുമാണ് ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരെ തിങ്കളാഴ്ച കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ അയൽജില്ലയായ സിംഡേഗയിലെ വനപ്രദേശത്ത് എത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഗുംല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമയാണ് ഇക്കാര്യം അറിയിച്ചത്.
ഇരുവരുടെയും ഭാര്യമാർ തമ്മിൽ ഏറെക്കാലമായി തർക്കം നിലനിന്നിരുന്നു. ഇതിൽ സഹോദരന്മാർ അസ്വസ്ഥരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്ത്രീകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പിലെത്തിയിരുന്നു.
ചൊവ്വാഴ്ച ചോദ്യം ചെയ്തപ്പോൾ ഭാര്യമാർ അറിയിക്കാതെ വീടുവിട്ടുപോയെന്നാണ് സഹോദരങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനിടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പിടിഐയോട് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബാംഗങ്ങൾ അവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ആ സമയത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.