മലപ്പുറം: വിഡി സതീശനെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നേടിയത് മികച്ച വിജയമാണ്, അഞ്ചുവർഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
അതുപോലെ ഹൈക്കമാൻഡാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതും അവർതന്നെയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളോട് ചർച്ച ചെയ്താവും ആ തീരുമാനം എടുക്കുക. മുസ്‌ലിം ലീഗിനോടും ആലോചിച്ചാവും തീരുമാനിക്കുകയെന്ന് വിശ്വസിക്കുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കുമെന്ന സൂചനയും സാദിഖലി തങ്ങൾ പങ്കുവെച്ചു. യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ധ്വാനിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് അർഹിക്കുന്നത് ആ രീതിയിൽ മുന്നോട്ട് പോകും. കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന് അർഹതപ്പെട്ടത് തരാൻ യുഡിഎഫ് സർവ്വതാ സന്നദ്ധമാണെന്ന് വിശ്വസിക്കുന്നു. അത് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൂടാതെ യുഡിഎഫ് മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം മന്ത്രിമാരായി പുതുമുഖങ്ങളും ഉണ്ടാകും. മുസ്ലിം ലീഗിന് ഇഷ്ടം പോലെ പുതുമുഖങ്ങൾ ഉണ്ട്. അവരെയായിരിക്കും പരിഗണിക്കേണ്ടി വരികയെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.


















































