പൂനൈ: ഫ്ലാറ്റിന്റെ 18-ാം നിലയിൽനിന്ന് വീണ് 33-കാരിയും ആറുവയസ്സുകാരനായ മകനും മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. സിഗ്നേച്ചർ പാർക്ക് റെസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഏകത ബംഗാഡും മകൻ മാധവുമാണ് മരിച്ചത്.
നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു ഏകതയെന്നാണ് റിപ്പോർട്ട്. ഭർത്താവ് മനോജ് ബംഗാഡ് പുണെയിലെ ഐടി കമ്പനിയിൽ എൻജിനീയറാണ്. സംഭവത്തിനു പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് ഒരു കുറിപ്പ് കണ്ടെത്തി.
മരണത്തിനു മുമ്പ് ഏകത എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ തന്റെ മരണശേഷം പുനർവിവാഹം ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ അഭാവം മകന് എങ്ങനെ ഉൾക്കൊള്ളാനാകുമെന്ന ആശങ്കയും ഭർത്താവിന്റെ പുനർവിവാഹത്തിന് മകൻ തടസ്സമാകുമോയെന്ന ചിന്തയും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.
നട്ടെല്ലിനെ ബാധിച്ച രോഗംമൂലം വർഷങ്ങളായി ഏകത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ വാകഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.