തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കൈയിലെ അണുബാധയിൽ ചികിത്സാ പിഴവുസംഭവിച്ചതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ലെന്നാണ് പാത്തോളജി ലാബ് റിപ്പോർട്ടിൽ പറയുന്നത്. കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ലെന്നും കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിൽ ചികിത്സാപിഴവുണ്ടെന്നുമാണ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ കയ്യിൽ ക്യാനുല വെച്ചത് നീരു വെച്ച് വീർക്കുകയും രക്ത കോശങ്ങളെ ബാധിക്കുകയും ചെയ്തു. അതാണ് അണുബാധയ്ക്ക് കാരണമായത്.
കൊല്ലം സ്വദേശികളായ വിഷ്ണു- വീണ ദമ്പതികളുടെ മകൻ വിധാൻ ആണ് ചികിത്സയിൽ കഴിയുന്നത്. കീമോയുടെ ഭാഗമായി ക്യാനുല വെച്ചതിൽ പിഴവുണ്ടായെന്നായിരുന്നു മാതാപിതാക്കൾ ഉയർത്തിയ പരാതി. ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു. അതുമൂലം ഇടതുകൈയിൽ അണുബാധ ഉണ്ടായി വീർത്തിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും കുടുംബം മലയാളം മാധ്യമത്തോടു പ്രതികരിച്ചിരുന്നു.
അതേസമയം 19ാം തിയതിയാണ് കുഞ്ഞിന്റെ കയ്യിൽ ക്യാനുല ഇട്ടത്. 20ാം തിയതി മുതൽ കയ്യിൽ അണുബാധ സംഭവിച്ചുവെന്നും തുടർന്ന് തുടർച്ചയായി പരാതിപ്പെട്ടിട്ടും ആരും വ്യക്തമായ ഉത്തരം നൽകിയില്ലെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. പിന്നീട് അണുബാധ രൂക്ഷമായതോടെ 29-ാം തീയതി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ക്യാനുല വെച്ചത് മൂലമുണ്ടായ സമ്മർദ്ദത്തെ തുടർന്ന് ഞരമ്പ് പൊട്ടിയതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കയ്യിൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് കുഞ്ഞ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. നിലവിൽ പത്തോളജി ലാബ് റിപ്പോർട്ട് വന്നതിനെ തുടർന്ന് ആർസിസി ഡയറക്ടറെ കണ്ട് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം.