ആലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ നേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ.
തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്.
ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിക്കുന്ന ആവശ്യമെങ്കിലും അതുവഴി സംസ്ഥാനത്തുടനീളം സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധമെന്ന ആരോപണത്തിന് ശക്തിപകരുകയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.
















































