തിരുവനന്തപുരം: ഒരു അവസരം കിട്ടിയാൽ 24 മണിക്കൂർകൊണ്ട് ലഹരി മാഫിയയെ ഇല്ലാതാക്കുമെന്ന്’ മുൻആഭ്യന്തര മന്ത്രിയും കോണ്ടാഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല.
താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഒരു അമ്മ തൻ്റെ മകൻ ലഹരിമാഫിയയിൽ പെട്ട വിവരം അറിയിക്കുകയും അന്നുതന്നെ ആ പ്രദേശം മുഴുവൻ പോലീസ് പരിശോധന നടത്തി ബന്ധപ്പെട്ടവരെ മുഴുവൻ പിടികൂടുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു.പിന്നീട് ഒരിക്കൽക്കൂടി ആ അമ്മ കാണാൻ വന്നു. തൻ്റെ മകൻ എം.ബി.ബി.എസിനു ചേർന്ന് സന്തോഷവാർത്ത പറയാനായിരുന്നുവെന്ന് ചെന്നിത്തല ഓർമിച്ചു.
വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ മതേതരത്വം മുറുകെപ്പിടിച്ച വ്യക്തിയാണ് താൻ. ഒരു കാരണവശാലും ജമാ അത്തെ ഇസ്‌ലാമിയെ മുന്നണിയിലെടുക്കില്ല. അത്തരം സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കെ-റെയിലിനെ യു.ഡി.എഫ്. എതിർത്തത് അത് അശാസ്ത്രീയമായി നടപ്പാക്കാൻ ശ്രമിച്ചതുകൊണ്ടാണ്. രാഷ്ട്രീയത്തിലേക്ക് യുവാക്കൾ വരാത്തതിനു കാരണം നിരന്തരം കേൾക്കുന്ന അഴിമതിയാണ്. വിദേശ സർവകലാശാലകൾ വന്നാൽ ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. യുവാക്കൾ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജോലിയും നൽകണം. മൂന്നാറിൽ ജോൺ ഹോപ്സ് ആശുപത്രി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ സി.ഐ.എ. രഹസ്യം ചോർത്തുമെന്നു പറഞ്ഞാണ് അതു വേണ്ടെന്നുവെച്ചത്. അദ്ദേഹം പറഞ്ഞു.













































