രാഷ്ട്രീയ പ്രക്ഷോഭം കൊണ്ടു പൊറുതിമുട്ടിയ ബംഗ്ലദേശിൽ മറ്റൊരു പ്രതിസന്ധി. രാജ്യത്തെ ഗർഭ നിരോധന ഉറകളുടെ (കോണ്ടം) സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരുമെന്ന് റിപ്പോർട്ട്. ബംഗ്ലദേശിലെ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതിനിടെയാണ് സർക്കാരിനു തലവേദന സൃഷ്ടിച്ച കോണ്ടത്തിന്റെ ക്ഷാമം.
ഇക്കാര്യത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജനസംഖ്യ പരിധിവിട്ട് ഉയരും, പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും ഇന്ത്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ബംഗ്ലദേശ് പ്രധാനമായും ഗർഭ നിരോധന ഉറകൾ ഇറക്കുമതി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവും മൂലം രാജ്യത്തെ കുടുംബാസൂത്രണ പദ്ധതികളിൽ സർക്കാർ കടുംവെട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്ടം പ്രതിസന്ധി.
അടുത്ത വർഷത്തിന്റെ തുടക്കത്തോടെ രാജ്യത്ത് കോണ്ടം വിതരണം ചെയ്യാൻ കുടുംബാസൂത്രണ വിഭാഗത്തിന് കഴിയില്ലെന്നും ബംഗ്ലദേശ് മാധ്യമമായ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഗർഭ നിരോധന മാർഗങ്ങളുടെ ലഭ്യത കുറഞ്ഞതായി അടുത്തിടെ രാജ്യത്ത് നടന്ന സർവേയിലും വ്യക്തമായിരുന്നു. ജനന നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നും വിദഗ്ധർ പറയുന്നു.
അതേസമയം 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളുടെ ഇടയിൽ ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. കൂടാതെ ആധുനിക ഗർഭ നിരോധന മാർഗങ്ങളുടെ ലഭ്യതയും കുറഞ്ഞു. 2023ൽ ഒരു വർഷത്തോളം കോണ്ടം വാങ്ങാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. കുടുംബാസൂത്രണത്തിന് വകയിരുത്തിയ പണം മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റിയതും ഫീൽഡ് പ്രവർത്തനങ്ങൾക്ക് മതിയായ ജീവനക്കാരില്ലാത്തതും തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കുടുംബാസൂത്രണ വിഭാഗത്തിൽ 12,000ത്തോളം ജീവനക്കാരുടെ കുറവുണ്ടെന്നാണ് കണക്ക്. ഫീൽഡ് വർക്കന്മാരുടെ സഹായത്തോടെ സൗജന്യമായാണ് രാജ്യത്ത് ഗർഭനിരോധന മാർഗങ്ങളുടെ വിതരണം നടക്കുന്നത്. എന്നാൽ, കഴിഞ്ഞ ആറുവർഷത്തിനിടെ ഇവയുടെ അളവ് 57 ശതമാനം കുറഞ്ഞു. കോവിഡിന് മുമ്പ് 2019 സെപ്റ്റംബറിൽ 97.48 ലക്ഷം കോണ്ടമാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇക്കൊല്ലം സെപ്റ്റംബറിൽ ഇത് 41.52 ലക്ഷമായി കുറഞ്ഞു. ഇനി ഒരു മാസത്തോളം വിതരണം ചെയ്യാനുള്ള കോണ്ടം മാത്രമാണ് ബാക്കിയുള്ളത്.
അതേസമയം ഇപ്പോൾ ഓർഡർ നൽകിയാലും വാങ്ങൽ പൂർത്തിയാകാൻ മൂന്ന് മാസത്തോളം വേണ്ടി വരും. അതുവരെ കോണ്ടം ക്ഷാമം രാജ്യത്ത് അനുഭവപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ വളർച്ച കൂടിയതോടെ കോണ്ടത്തിന്റെ വില കുറയ്ക്കാൻ അനുവദിക്കണമെന്ന് പാക്കിസ്ഥാനും അടുത്തിടെ രാജ്യാന്തര നാണയ നിധിയോട് (ഐഎംഎഫ്) ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിന്റെ ഇടയിൽ നികുതി കുറയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഐഎംഎഫിന്റെ മറുപടി.















































