ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെ വീണ്ടും ആക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ് ഗണേഷ് കുമാർ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ എന്നും പരിഹസിച്ചു. പിതാവിനെ സ്വാധീനിച്ചാണ് മന്ത്രി സ്ഥാനം കൈക്കലാക്കിയത്. കൂടാതെ ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവൻറെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ’ – വെള്ളാപ്പള്ളി ചോദിച്ചു.
മുൻപും സമാന രീതിയിൽ ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നതെന്നും വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേശനെന്നും അന്ന് പറഞ്ഞ വെള്ളാപ്പള്ളി ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ് ഗണേഷെന്നും പരിഹസിച്ചിരുന്നു. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്. ഗണേഷും മന്ത്രിയായിരുന്നപ്പോൾ അഴിമതി നടത്തിയെന്നും ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുതെന്നുമാണ് വെള്ളാപ്പള്ളി അന്ന് പ്രതികരിച്ചത്.
അതേസമയം വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗണേഷ് കുമാർ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ ലെവലല്ല തന്റെ ലെവലെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവരവരുടെ സംസ്കാരം അനുസരിച്ച് അവർ സംസാരിക്കുമെന്നും തനിക്ക് ആ ലെവലിലേക്ക് താഴാൻ താല്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.