ചെന്നൈ: തമിഴ് സിനിമയിൽ ചില നടൻമാർ തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ സിനിമകളെ യൂട്യൂബർമാരെ ഉപയോഗിച്ച് പരാജയപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തലുമായി നടൻ വടിവേലു. നടികർ സംഘത്തിൽ പല നടന്മാർക്ക് അടക്കം ഈ വിഷയത്തിൽ പങ്കുണ്ടെന്ന് വടിവേലു പറഞ്ഞു.
തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ 69-ാമത് ജനറൽ കമ്മിറ്റി യോഗത്തിലാണ് വടിവേലു ഇക്കാര്യം പറഞ്ഞത്.’ചില നടന്മാർ, തങ്ങളുടെ സിനിമ വിജയിക്കാൻ വേണ്ടി യൂട്യൂബർമാരെ ഉപയോഗിച്ച് എതിരാളികളായ നടന്മാരുടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സിനിമാ കലാകാരന്മാരെക്കുറിച്ച് മോശമായി സംസാരിച്ച് ചെറിയ കാര്യങ്ങൾ അവർ ഊതിപ്പെരുപ്പിക്കുകയാണ്.
പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ചിലർ ആളുകളെക്കൊണ്ട് ആ സിനിമയെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും സംസാരിപ്പിക്കുകയാണ്. നടികർ സംഘത്തിലെ ചിലർക്കും ഈ വിഷയത്തിൽ പങ്കുണ്ട്. നടികർ സംഘത്തിൽ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികർ സംഘം ഉള്ളത്. 10 പേർ സിനിമയെത്തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നടികർ സംഘം ഇത് തടയണം’, വടിവേലുവിന്റെ വാക്കുകൾ.