‘മകൻ ചത്താലും മരുമകളുടെ കണ്ണീരു കാണണം’ എന്ന ചിന്തയിൽ നീങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണ്ണ് ഇത്തവണ തുറന്നുവച്ചിരിക്കുന്നത് സ്പെയിലേക്കാണ്. നാറ്റോ അംഗ രാജ്യങ്ങൾ 2035നകം പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമാക്കണമെന്ന ട്രംപിന്റെ നിബന്ധന സ്പെയിൻ നേരത്തേ തള്ളിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ പതിവു ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. സ്പെയിൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്പാനിഷ് സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആഘാതമേൽപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഒരു പടി കടന്നുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സ്പെയിൻ. ഭീഷണിക്ക് വഴങ്ങിയില്ലെന്ന് മാത്രമല്ല യുഎസ് നിർമിത എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി സ്പെയിൻ ഉപേക്ഷിക്കുകയും ചെയ്തു.
ഇതിനു കാരണമായി പറയുന്നത് സ്പെയിൻ അവസാനമായി യുദ്ധം ചെയ്തത് 1898ൽ ആണ്. നിലവിൽ സ്പെയിനിന് യുദ്ധഭീതികളുമില്ല. അതുകൊണ്ടുതെന്ന അമേരിക്കയുടെ യുദ്ധവിമാനം വാങ്ങേണ്ട അടിയന്തര സാഹചര്യവുമില്ല. അതേസമയം പ്രതിരോധ ബജറ്റ് 2 ശതമാനത്തിൽ നിലനിർത്താൻ സ്പെയിനിന് ധൈര്യം നൽകുന്നതും ഈ അനുകൂലഘടകങ്ങളാണ്.
അതേസമയം 2018 മുതൽ പെഡ്രോ സാഞ്ചെസ് സർക്കാരാണ് സ്പെയിൻ ഭരിക്കുന്നത്. ഈ സർക്കാരിനെതിരെ പ്രതിപക്ഷം ഒട്ടേറെ അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് പെഡ്രോ ട്രംപിനും അമേരിക്കയ്ക്കും എതിരെ തിരിയുന്നതെന്ന വിമർശനവും ശക്തമാണ്. അതേസമയം, നിലവിൽ ട്രംപിൽനിന്ന് താരിഫ് സംബന്ധിച്ച വെല്ലുവിളി സ്പെയിനിന് ഇല്ലെന്ന നേട്ടവും പെഡ്രോയുടെ തീരുമാനത്തിനു പിന്നിലുണ്ട്.
ഏതായാലും പെഡ്രോയുടെ പുതിയ തീരുമാനത്തോടെ, ട്രംപും സ്പെയിനും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാകാനുള്ള സാധ്യതയേറുകയാണ്. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ ആണ് എഫ്-35 വിമാനങ്ങൾ നിർമിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാനായി സ്പാനിഷ് സർക്കാർ 2023ൽ 724 കോടി ഡോളർ വകയിരുത്തിയിരുന്നു. ജിഡിപിയുടെ 5 ശതമാനത്തിനു പകരം 2 ശതമാനത്തിൽ പ്രതിരോധ ബജറ്റ് നിലനിർത്താനാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ സർക്കാർ തീരുമാനിച്ചതും.
ഇതിനിടെ പെഡ്രോ ചൈനയുമായി കൂടുതൽ അടുക്കുന്നതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയുമായി അടുക്കുന്നതിലൂടെ സ്പെയിൻ സ്വയം കുഴിതോണ്ടുകയാണെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് കഴിഞ്ഞ ദിവസം വിമർശിച്ചത്. നിലവിൽ സ്പെയിനിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. 45 ബില്യൻ യൂറോയുടെ ഉൽപന്നങ്ങൾ ചൈന സ്പെയിനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സ്പെയിൻ തിരികെ 7.4 ബില്യനും. ചൈനീസ് കമ്പനികൾ സ്പെയിനിൽ വൻതോതിൽ നിക്ഷേപങ്ങളും നടത്തുന്നുണ്ട്.
∙