കോഴിക്കോട്: കട്ടിപ്പാറയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസാധാരണമായ മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മണ്ണിടിച്ചിലുണ്ടായെന്ന് പ്രദേശത്തുള്ളവര്‍ മനസ്സിലാക്കിയത്. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ 17ഓളം കുടുംബാംഗങ്ങള്‍ മലയിടിച്ചില്‍ ഭീഷണി നേരിടുന്നവരാണ്.
രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇനിയും മലയിടിയാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. താമരശ്ശേരി തഹസില്‍ദാര്‍, പൊലീസ്, അഗ്നിരക്ഷാസേന, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി അടിയന്തര യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം. 2018 ല്‍ ഇതേ മലയുടെ മറ്റൊരു ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.