ജയ്പൂർ: “ഈ പേര് എന്റെ മകനെ തന്റെ രാജ്യത്തെ സ്നേഹിക്കാൻ എപ്പോഴും പ്രചോദിപ്പിക്കും” ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് സിന്ദൂർ എന്ന പേര് തന്റെ മകനു നൽകി സീമ എന്ന ഒരമ്മ. സീമ മാത്രമല്ല രാജ്യത്ത് ജനിച്ചുവീണ പല കുട്ടികൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ ആ പേര് നൽകിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരുകൂട്ടം അമ്മമാർ. “ആക്രമണത്തിൽ നമ്മുടെ നിരവധി ധീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ സേവിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ എന്റെ ചെറുമകനെ സൈന്യത്തിലേക്ക് അയയ്ക്കും. ഒരു മുത്തശ്ശി പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തന്റെ രാജ്യത്തോടുള്ള ദേശസ്‌നേഹം വെളിപ്പെടുത്താൻ ‘ഓപ്പറേഷൻ സിന്ദൂർ’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവരുടെ നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നു വേരുവയ്ക്കുന്നത്.
ജുൻജുനു ജില്ലയിലെ നവാൽഗഡിലെ സർക്കാർ ആശുപത്രിയിൽ, മൂന്ന് കുഞ്ഞുങ്ങൾക്ക് ഇതിനകം ‘സിന്ദൂർ’ എന്ന് പേരിട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് സൈന്യത്തിനും സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങൾക്കും പ്രതീകാത്മകമായ ആദരാഞ്ജലിയായാണ് അവർ നവജാത ശിശുക്കൾക്ക് ഈ പേര് നൽകിയത്.
ഝഝർ ഗ്രാമത്തിലെ താമസക്കാരിയായ സഞ്ജുവും തന്റെ മകന് ‘സിന്ദൂർ’ എന്നും പേരിട്ടു. ‘നാല് ദിവസം മുമ്പാണ് ഞാൻ കുഞ്ഞിന് ജന്മം നൽകിയത്. എന്റെ മകൻ വളർന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നതാണ് എന്റെ സ്വപ്നം. പഹൽഗാം ആക്രമണത്തിലൂടെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിലെ സീന്ദൂരമാണ് അവർ മായ്ചു കളഞ്ഞത്. ഇതിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകി’ അവർ പറഞ്ഞു. അതുപോലെ, കസൈരു ഗ്രാമത്തിൽ നിന്നുള്ള കാഞ്ചൻ വെള്ളിയാഴ്ച തന്റെ നവജാത മകൾക്ക് ‘സിന്ദൂർ’ എന്ന് പേരിട്ടു. “ഓപ്പറേഷൻ സിന്ദൂരിനുള്ള എന്റെ ആദരാഞ്ജലിയാണിത്. പാക്കിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയോട് സൈന്യം ധീരമായി പ്രതികരിച്ചു,” അവർ പറഞ്ഞു.
അതേസമയം ആശുപത്രിയിലെ ഡോക്ടറായ ഡോ. ജിതേന്ദ്ര ചൗധരി പറയുന്നു, “മൂന്ന് നവജാത ശിശുക്കളുടെ മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ഓപ്പറേഷൻ സിന്ദൂരിന്റെ പേരിട്ടു. ഇത് ജനങ്ങൾക്കിടയിലെ ആഴത്തിലുള്ള ദേശസ്നേഹ വികാരത്തെ പ്രതിഫലിപ്പിക്കുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ വേദന ഇപ്പോഴും നിലനിൽക്കുന്നു.”
അതേസമയം, ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീ ഗംഗാനഗർ, ചുരു, ഹനുമാൻഗഡ്, ബിക്കാനീറിന്റെ ചില ഭാഗങ്ങൾ (പ്രത്യേകിച്ച് നൽ പ്രദേശം) എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങളെ ഭയന്ന് പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരാൻ ജില്ലാ കളക്ടർമാർ നിർദ്ദേശിച്ചു. ശ്രീ ഗംഗാനഗറിൽ മുൻകരുതൽ നടപടിയായി വൈദ്യുതി വിതരണം നിർത്തിവച്ചിരിക്കുന്നു. ജയ്‌സാൽമീറിൽ പൊതുസമ്മേളനങ്ങളും പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു.