ന്യൂഡൽഹി: പാക്കിസ്ഥാൻ സേനയുടെ പ്രകോപനത്തിന് ശക്തമായ മറുപടി നൽകിയെന്ന് വ്യക്തമാക്കി രാജ്യത്തിന്റെ ആക്രമണത്തെ കുറിച്ച് വിശദീകരിച്ച് ഇന്ത്യൻ സേന. ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ മാറിമാറി പല ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തിയെന്ന് സൈന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനവാസമേഖലകളും ഇന്ത്യയുടെ സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം കടുപ്പിച്ചത്. എന്നാൽ ഇന്ത്യ പാക്കിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകർത്തുവെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തുവെന്നും സൈന്യം. ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ സേന വിശദീകരിച്ചു. ഇന്ത്യയുടെ സൈനിക താവളങ്ങൾ തകർത്തെന്ന നുണപ്രചാരണം പൊളിക്കാൻ ഇപ്പോഴുള്ള ദൃശ്യങ്ങളും സൈന്യം പങ്കുവച്ചും. പാക് സേന അവകാശപ്പെടുന്നതുപോലെ ഒരു പ്രശ്നവും സൈനിക താവളങ്ങളിൽ നടന്നിട്ടില്ലെന്നും സേന വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻ അതിർത്തിയിൽ സേനാവിന്യാസം കൂട്ടുന്നുവെന്നും ഇന്ത്യൻ സേന അറിയിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കരസേനയിലെ കേണൽ സോഫിയ ഖുറേഷി, ഇന്ത്യൻ വ്യോമസേനയിലെ (ഐഎഎഫ്) വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പതുവുപോലെ വിദേശകാര്യ- പ്രതിരോധ മന്ത്രാലയ വാർത്ത സമ്മേളനം. പാക്കിസ്ഥാൻ സൈന്യത്തിന്റെ നടപടികൾ പ്രകോപനപരമായിരുന്നു, അതനുസരിച്ച് ഇന്ത്യ അതേ രീതിയിലാണ് തിരിച്ചടിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
മാത്രമല്ല ഇന്ത്യയ്ക്ക് മേൽ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര വേധന ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും പാക്കിസ്ഥാൻ പ്രകോപനം തുടരുന്നെന്നും പ്രതിരോധ മന്ത്രാലയും വ്യക്തമാക്കി. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈൽ ആക്രമണങ്ങളും പാക്കിസ്ഥാൻ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്കൂളിലും പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക് രീതി ഭീരുത്വമാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു,
ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റിട്ടുണ്ട്.
ഇതിനു മറുപടിയായി പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിൽ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ, സുകൂർ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങളിൽനിന്ന് എയർലോഞ്ച് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്‌രൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ റഡാർ സ്റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.
ആദംപുരിലെ ഇന്ത്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനവും സൂറത്ത്ഗഢിലെയും സിർസയിലെയും എയർഫീൽഡുകളും നഗ്രോട്ടയിലെ ബ്രഹ്മോസ് ബേസ്, ചണ്ഡീഗഡ് ഫോർവേഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്.
എന്നാൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാർക്ക് ജീവൻ നഷ്ടമായി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ്നൂർ സെക്ടറുകളിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഇതിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാനിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഘർഷം അടുത്തതലത്തിലേക്ക് എത്തിക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. എന്നാൽ പാക്കിസ്ഥാനിൽനിന്ന് പ്രകോപനമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.