തിരുവനന്തപുരം: വലിയ തെറ്റിനു തിരികൊളുത്തിയ നടൻ നിവിൻ പോളി ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മറ്റുള്ളവർ നിവിൻ പോളിയുടെ പേര് പറയുന്നതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കും. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കും. നിർമാതാവ് സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. സാന്ദ്രയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തിൽ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിൻ പറയുന്നു.
‘‘നടന്റെ പേര് പറയാനാണെങ്കിൽ എനിക്ക് അന്നേരം തന്നെ പറയാമല്ലോ. അത് പറയാൻ ഉദ്ദേശിക്കാത്തത് പല കാരണങ്ങൾ കൊണ്ടാണ്. ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന സിനിമയുടെ പരിപാടി തീർന്നു കഴിഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഈ കാര്യം പറഞ്ഞത്. മറ്റുള്ളവർ ഏറ്റെടുത്ത് ചർച്ചയാക്കാൻ വേണ്ടിയല്ല പറഞ്ഞത്. ഞാൻ വിളിച്ചുവരുത്തിയ ആൾക്കാരോടാണ് പറഞ്ഞത്. പറഞ്ഞ കാര്യം എടുത്തു പറഞ്ഞ്, ലിസ്റ്റിൻ സിനിമയിൽ വലിയ ലോബിയാണ് എന്ന രീതിയിൽ അതിനെ വ്യാഖ്യാനിച്ച് കൊണ്ട് നടക്കേണ്ട കാര്യമില്ല. ഞാൻ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ആ ആൾക്കും ഞങ്ങളുടെ ടീമിലുള്ളവർക്കും വ്യക്തമായി അറിയാം. ആ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കേണ്ടത് ആ ആളുടെ കൂടി കടമയാണെന്ന്
ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട് 15 വർഷമായി. ഒരിക്കൽപോലും എന്റെ സിനിമയിൽ അഭിനയിച്ച ഒരു നടനെയോ നടിയെയോ പറ്റി ഇതുപോലെ ഓപ്പൺ ഫോറത്തിൽ ഒരു കാര്യവും പറഞ്ഞിട്ടില്ല. എന്റെ എല്ലാ സിനിമകളും സ്മൂത്ത് ആയി അവസാനിച്ചു എന്നു പറയുന്നില്ല, പലതും ഉണ്ടായിട്ടുണ്ട് അതെല്ലാം ഒത്തുതീർപ്പാക്കി പോയിട്ടുണ്ട്. സിനിമ എന്നത് വളരെ സങ്കീർണമായ പരിപാടി ആണല്ലോ.
ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലല്ലോ, പറഞ്ഞത് ആരെപ്പറ്റി ആണെന്ന് സിനിമയിൽ ഉള്ള പലർക്കും മനസ്സിലായിക്കാണും. കാരണം എന്താണെന്ന് എനിക്കും എന്റെ ഒപ്പമുളളവർക്കും നന്നായി അറിയാം. അത് പബ്ലിക്കിലേക്ക് എടുത്തുപറയേണ്ട കാര്യമില്ല. നിവിൻ പോളിയാണ് ആ താരം എന്ന് ഞാൻ പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ പറഞ്ഞ കാര്യത്തിന് മാത്രമേ എനിക്ക് ഉത്തരവാദിത്തം ഉള്ളൂ. നല്ല ബോധ്യത്തോടെയാണ് പറഞ്ഞത്. നിവിൻ പോളി ആണെന്ന് ധരിക്കുന്നത് എന്തിനാണ്, ഞാൻ വേറെയും സിനിമകൾ ചെയ്യുന്നുണ്ട്. ഒരു പ്രശ്നം ഉള്ളത് ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ചർച്ച ചെയ്തു പരിഹരിക്കാൻ നോക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു.