എറണാകുളം: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സുഹൃത്തും പ്രതിയുമായ അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഷാൾ അറുത്തു രക്ഷിച്ച ഇയാൾതന്നെ പിന്നീട് ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുവായിരുന്നെന്ന് പോലീസ് പറയുന്നു. പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
പ്രതിയായ അനൂപ് സംശയരോഗിയാണ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിക്ക് അതിക്രൂരമായ രീതിയിൽ മർദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ മർദിച്ചതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ല, ഗുരുതരമായ അവസ്ഥയിലാണുള്ളത്. ഇന്ന് പ്രതിയെ കോടതിയില ഹാജരാക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.