ന്യൂഡൽഹി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പത്മരാജന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് നടപടി. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2020-ലാണ് പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. 2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ച കോടതി വിവിധ വകുപ്പുകൾ പ്രകാരം തടവും പിഴയും വിധിച്ചിരുന്നു.
എന്നാൽ, വിചാരണക്കോടതി വിധിക്കെതിരേ പത്മരാജൻ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി 2026 ഓഗസ്റ്റ് 21-ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ മരവിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അതിജീവിതയുടെ അമ്മയുടെ ഹർജിയിലെ പ്രധാന വാദം. ഹൈക്കോടതി വിധിയിൽ കേസിലെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകൻ ഹാരിസ് ബീരാനാണ് അതിജീവിതയുടെ അമ്മയ്ക്കായി ഹാജരായത്. ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നു കേസിലെ പ്രതിയായ പത്മരാജൻ. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസിൽ മർസൂഖ് ബാഫഖി തങ്ങൾ, അഭിഭാഷകരായ റിസ്വി മുഹമ്മദ്, വൈശാഖ് എസ്. എന്നിവരും ഹാജരായി.