തിക്കിലും തിരക്കിലും അച്ഛന്റെ കൈവിട്ടു, തിരികെ അച്ഛന്റെ കൈകളിലെത്തിച്ച് പൊലീസ്, കാണാതായ കുഞ്ഞു മാളികപ്പുറത്തിന് തുണയായത് പൊലീസിന്റെ റിസ്റ്റ്ബാൻഡ്

സന്നിധാനം: അയ്യനെ തൊഴാൻ അച്ഛനൊപ്പം മല കയറിയതായിരുന്നു കുഞ്ഞു മാളികപ്പുറം. ഇടയ്ക്കുണ്ടായ തിക്കിലും തിരക്കിലും അച്ഛന്റെ കയ്യിൽ നിന്നും പിടിവിട്ടുപോയി. ഒരിടത്ത് അച്ഛനെ കാണാതെ കരഞ്ഞുകൊണ്ട് കുഞ്ഞുമാളികപ്പുറവും മറു വശത്ത് മകളെ തിരഞ്ഞ് അച്ഛനും. ഒടുവിൽ ഇരുവർക്കും തുണയായി പൊലീസിന്റെ റിസ്റ്റ്ബാൻഡ്.

ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു മാളികപ്പുറം. ഇതിനിടെയാണ് സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ സിപിഒ ശ്രീജിത്തും കുട്ടിയെ കണ്ടത്.

കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരഞ്ഞ ഇവർ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ പെട്ടെന്നു തന്നെ ബന്ധപ്പെട്ടു. തുടർന്ന് അച്ഛൻ വിഘ്നേഷ് എത്തിയതോടെ കരച്ചിൽ ആശ്വാസ ചിരിയിലേക്കെത്തി. തന്നെ സുരക്ഷിത കൈകളിലേക്ക് തിരികെയെത്തിച്ച പൊലീസ് അങ്കിൾമാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്.

ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്. 10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്ര ഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്.

പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്. തിരക്ക് കൂടുന്നതോടുകൂടി പ്രിയപ്പെട്ടവരുടെ കൈകളിൽ നിന്നും കുട്ടികൾ വഴുതിപ്പോകുന്നത് നിത്യ സംഭവമായതോടെയാണ് റിസ്റ്റ് ബാൻഡ് സംവിധാനം കൊണ്ടുവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7