ഹൈദരാബാദ്: തെലുങ്കാനയിൽ ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. തെലുങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം.
ഹയാത്‌നഗർ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന നാഗമണി, രണ്ടാഴ്ച മുമ്പാണ് ഇതര ജാതിക്കാരനായ ശ്രീകാന്തിനെ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബം മിശ്രവിവാഹത്തെ എതിർത്തിരുന്നതായും റിപ്പോർട്ടുണ്ട്.
നാഗമണി റായ്പോളിൽ നിന്ന് മന്നഗുഡയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അവളുടെ സഹോദരൻ പരമേശ് അവളുടെ സ്‌കൂട്ടറിൽ ബോധപൂർവം തൻ്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ആക്രമിച്ചശേഷം സഹോദരൻ പരമേശ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. അപ്പോഴേക്കും നാഗമണി മരിച്ചിരുന്നു.
ഒളിവിൽ പോയ പരമേശിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്യ ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.