കൊച്ചി: പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക. ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളര്‍ ലഭിക്കും. റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. 2023 ലോകകപ്പിനേക്കാള്‍ ഇരട്ടിയാണ് ആകെ സമ്മാനത്തുകയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. ജേതാക്കളുടെയും റണ്ണറപ്പുകളുടെയും കാര്യത്തില്‍ 134 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാവുക. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കുന്ന അതേ വേതനം തന്നെ വനിതാ ക്രിക്കറ്റര്‍മാര്‍ക്കും നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ലോകകപ്പുകളില്‍ പുരുഷ , വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ്.
2023ലെ ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു നിര്‍ണായക തീരുമാനം എടുത്തിരുന്നത്. 2030ല്‍ തുല്യ സമ്മാനത്തുക നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ പരിഷ്‌കാരം നേരത്തെ നടപ്പാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.
ICC announces equal prize money for men and women in World Cups