കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വരുദ്ധ പ്രവർത്തനത്തിനാണ് നടപടി. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കൺവൻഷനിൽ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു.പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കരുത്തുള്ള ജനനായകർക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രക്തസാക്ഷി പരിവേഷത്തിനാണ് കെവി തോമസിന്റെ ശ്രമമെന്നും അദ്ദേഹത്തെ പുറത്താക്കിയ നടപടി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃക്കാക്കരയിൽ ഒരുചുക്കും ചെയ്യാൻ കെവി തോമസിനാകില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അദ്ദേഹത്തെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.

നേരത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന് പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസ് പാർട്ടിയുമായി കൂടുതൽ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7