ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി.
ഇ.ആര്‍.ഒമാര്‍ തയ്യാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍( ബി.എല്‍.ഒ)മാര്‍ക്ക് കൈമാറണം. ഈ ലിസ്റ്റിലെ വിവരങ്ങള്‍ അനുസരിച്ച് ബി.എല്‍.ഒമാര്‍ തങ്ങളുടെ ബൂത്തിലെ വോട്ടര്‍ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കണം. ബൂത്തിന്റെ പരിധിയില്‍ ഉള്ളവര്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളുവെന്ന് ബി.എല്‍.ഒമാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെയല്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണം.
ഫില്‍ഡ് പരിശോധന നടത്തേണ്ട ചുമതല ബി.എല്‍.ഒമാര്‍ക്കാണ്. ഇവര്‍ ഇത്തരത്തില്‍ ബൂത്ത് തിരിച്ച് ഇരട്ടിപ്പുസംബന്ധിച്ച ലിസ്റ്റ് ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കണം. ബി.എല്‍.ഒമാര്‍ ബാക്കി ലിസ്റ്റില്‍ അപാകതകള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തണം.
മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ഈ സാക്ഷ്യപത്രം അതാത് തഹസില്‍ദാര്‍മാര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.