20 അംഗ ടീമില്‍ 22 പേസ് ബോളര്‍മാര്‍.. പാക് ടീമിനെ ട്രോളി ശുഐബ് അക്തര്‍

ഇസ്!ലാമബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സിലക്ഷനെതിരെ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമില്‍ പേസ് ബോളര്‍മാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. ടീമില്‍ ആര്‍ക്കാണ് അവസരം നല്‍കുകയെന്നതില്‍ യാതൊരു ഊഹവുമില്ലെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയ്ക്കായി നിരവധി പേസ് ബോളര്‍മാരെ ടീമിലെടുത്തതിലൂടെ ക്യാപ്റ്റന്റെയും ടീം മാനേജ്‌മെന്റിന്റെയും മനസ്സിലെന്താണെന്നു വ്യാഖ്യാനിക്കാന്‍ സാധിക്കുന്നില്ലെന്നും ഒരു പാക്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി.

അവര്‍ 20 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ആ ഇരുപതില്‍ 22 ഓളം ഫാസ്റ്റ് ബോളര്‍മാരുണ്ട്. ആരെയാണ് സിലക്ട് ചെയ്യുകയെന്നു നോക്കാം. ഇംഗ്ലണ്ടിലെ പിച്ച് എങ്ങനെയാണ്? പാക്കിസ്ഥാന്‍ ടീമിന് എന്താണ് ആവശ്യം? ഈ സാഹചര്യങ്ങളെല്ലാം മാനേജ്‌മെന്റ് എങ്ങനെയാണു കാണുന്നത്? എന്താണ് ചെയ്യാന്‍ പോകുന്നതെന്നതില്‍ അവര്‍ക്കു യാതൊരു ആശയവുമില്ല. ഇംഗ്ലണ്ട് ടീമിനെതിരെ പാക്കിസ്ഥാന്‍ ആക്രമിച്ചു കളിക്കുമോ, പ്രതിരോധിക്കുമോ എന്നത് കാത്തിരുന്ന് അറിയണം.

അസര്‍ അലിയുടെ കീഴില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ആക്രമണ സ്വഭാവം കാണാന്‍ സാധിച്ചിട്ടില്ല. മത്സരം തോല്‍ക്കുകയാണെങ്കില്‍ ടീം സിലക്ഷന്റെ പേരില്‍ പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റ് വലിയ വിമര്‍ശനം നേരിടേണ്ടിവരും. ഫാസ്റ്റ് ബോളര്‍മാരായ നസീം ഷായെയും ഷഹീന്‍ അഫ്രീദിയെയും ഉറപ്പായും കളിപ്പിക്കണം. സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബോളര്‍മാര്‍ ഏറെയുള്ള ടീമില്‍ സൊഹൈല്‍ ഖാന് അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നതു ടീം മാനേജ്‌മെന്റിന് ഏറെ ബുദ്ധിമുട്ടായിരിക്കും. സിലക്ഷന്‍ തെറ്റിപ്പോയാല്‍ ഏറെ വിമര്‍ശനങ്ങളുണ്ടാകും– അക്തര്‍ പറഞ്ഞു.

40 താരങ്ങള്‍ പോയി അതില്‍നിന്ന് നല്ലൊരു ടെസ്റ്റ് ടീമിനെ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ പിന്നെന്താണു ചെയ്യുക. മാനേജ്‌മെന്റ് ഏറ്റവും മികച്ച ഇലവനെതന്നെ കളിക്കാന്‍ ഇറക്കണം. പ്രതിരോധം എന്ന തരത്തില്‍ കളിക്കരുത്. ആദ്യ പന്തു മുതല്‍ തന്നെ എതിരാളികളില്‍ സമ്മര്‍ദം കൊണ്ടുവരാന്‍ സാധിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ ടീമില്‍ എട്ട് പേസ് ബോളര്‍മാരെയാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയത്. ഫഹീം അഷറഫ്, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അബ്ബാസ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, സൊഹൈല്‍ ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ് എന്നിവരാണ് ടീമിലുള്ള ഫാസ്റ്റ് ബോളര്‍മാര്‍.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7