വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് സ്വര ഭാസ്‌കര്‍… ‘ദയവു ചെയ്ത് ഞാന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സമി

ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്‍ഡീസ് താരം ഡാരെന്‍ സമി ഉയര്‍ത്തിവിട്ട വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഐപിഎല്ലില്‍ കളിക്കുന്ന സമയത്ത് സഹതാരങ്ങളില്‍ ചിലര്‍ തന്നെ ‘കാലു’ എന്ന് വിളിച്ചിരുന്നത് സ്‌നേഹത്തോടെയാണോ അതോ വംശീയാധിക്ഷേപമെന്ന നിലയിലാണോയെന്ന സമിയുടെ ചോദ്യമാണ് സ്വര ഭാസ്‌കറിന് അതൃപ്തിയുണ്ടാക്കിയത്. ‘കാലു’ എന്ന് വിളിച്ച് പരിഹസിച്ചിരുന്ന സഹതാരങ്ങളില്‍ ഒരാള്‍ തന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചതായും, സ്‌നേഹപൂര്‍വമുള്ള വിളിയായിരുന്നു അതെന്ന അദ്ദേഹത്തിന്റെ വിശദീകരണം താന്‍ വിശ്വസിക്കുന്നതായും സമി ട്വീറ്റ് ചെയ്തിരുന്നു

അങ്ങനെയെങ്കില്‍ ഒരാള്‍ തീര്‍ത്തും മോശം പരാമര്‍ശം (‘എന്‍’ വാക്ക് (‘N Word’) എന്നാണ് സ്വര ട്വീറ്റ് ചെയ്തത്) നടത്തിയശേഷം സ്‌നേഹത്തോടെ വിളിച്ചതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ എന്നായിരുന്നു സ്വരയുടെ ചോദ്യം.

‘പ്രിയ ഡാരെന്‍ സമി, ആരെങ്കിലുമൊരാള്‍ ഒരു കറുത്ത വര്‍ഗക്കാരനെ ‘എന്‍’ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിട്ട് അത് സ്‌നേഹം കൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞാല്‍ താങ്കള്‍ എന്തുപറയും? കാലു എന്ന വാക്കുമായി ബന്ധപ്പെട്ടും ഇതേ അവസ്ഥ തന്നെയാണുള്ളത്. ഇനി സണ്‍റൈസേഴ്‌സ് താരങ്ങളോട് കുറച്ചെങ്കിലും മാന്യതയും നട്ടെല്ലും കാട്ടുക. ഡാരെന്‍ സമിയോട് ഔദ്യോഗികമായി മാപ്പു പറയുക’ #SaySorryToDaren, #thatnsotcricket എന്നീ ഹാഷ്ടാഗുകള്‍ സഹിതം സ്വര ഭാസ്‌കര്‍ കുറിച്ചു.

എന്നാല്‍, തന്റെ നിലപാടിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ആവശ്യപ്പെട്ട് ഡാരെന്‍ സമി ഉടനടി രംഗത്തെത്തി.

‘ദയവു ചെയ്ത് ഞാന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. ഇതുവരെ സംഭവിച്ചത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരെയും ബോധവല്‍ക്കരിക്കാന്‍ ഈ അവസരം വിനിയോഗിക്കാം എന്നാണ് ഞാന്‍ പറയുന്നത്. ഒരു കാര്യം തെറ്റായിപ്പോയെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ മാത്രമേ മാപ്പു പറയേണ്ടതുള്ളൂ. ഞാന്‍ വളരെ ആത്മവിശ്വാസമുള്ള, കറുത്ത വര്‍ഗക്കാരനായതില്‍ അഭിമാനിക്കുന്ന ആളാണ്. അത് ഒരിക്കലും മാറാനും പോകുന്നില്ല’ സമി കുറിച്ചു.

ഇതിന് മറുപടിയുമായും സ്വര ഭാസ്‌കര്‍ രംഗത്തെത്തി.

‘താങ്കള്‍ പറഞ്ഞത് പൂര്‍ണമായും അംഗീകരിക്കുന്നു. അത് താങ്കളുടെ മാന്യത. എങ്കിലും താങ്കളുടെ സഹതാരങ്ങള്‍ മോശം അര്‍ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെങ്കില്‍പ്പോലും അതിന്റെ ഉത്തരവാദിത്തമേറ്റേ മതിയാകൂ. കാരണം, വംശീയാധിക്ഷേപമെന്ന തെറ്റിന്റെ ഭാഗമാണ് അവര്‍. താങ്കള്‍ പറയുന്നതുപോലെ ബോധവല്‍ക്കണവും തെറ്റ് മനസ്സിലാക്കലുമാണ് പ്രധാനം’ സ്വര കുറിച്ചു.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7