ഇസ്ലാമാബാദ് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്നതിനൊപ്പം സച്ചിൻ തെൻഡുൽക്കർ – ശുഐബ് അക്തർ പോരാട്ടമെന്ന നിലയ്ക്കുകൂടി ശ്രദ്ധേയമായ 2003ലെ ലോകകപ്പ് മത്സരത്തിൽ, സച്ചിനെ സെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയപ്പോൾ സങ്കടം തോന്നിയെന്ന് ശുഐബ് അക്തർ. ദക്ഷിണാഫ്രിക്കയിൽ നടന്ന 2003ലെ ലോകകപ്പിൽ വീരേന്ദർ സേവാഗിനൊപ്പം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത സച്ചിനെ 98 റൺസിൽ നിൽക്കെയാണ് അക്തർ പുറത്താക്കിയത്. ആദ്യ ഓവറുകളിൽ അക്തറിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സച്ചിൻ, അക്തറിനെതിരെ പുൾ ഷോട്ടിലൂടെ നേടിയ സിക്സർ ഇന്നും ആരാധകർ ആവേശത്തോടെ ഓർക്കുന്ന കാഴ്ചയാണ്.
തകർത്തടിച്ചു മുന്നേറുകയായിരുന്ന സച്ചിനെ അർഹിച്ച സെഞ്ചുറിക്ക് രണ്ടു റണ്സ് അകലെ അക്തർ തന്നെ പുറത്താക്കുകയായിരുന്നു. അന്ന് മത്സരത്തിനു മുൻപേ സച്ചിനും ഇന്ത്യയ്ക്കുമെതിരെ അക്തർ പരാമർശങ്ങളാണ് മത്സരത്തിന് വർധിത വീര്യം പകർന്നത്. ഇന്ത്യയും പാക്കിസ്ഥാനും സെഞ്ചൂറിയനിൽ ഏറ്റമുട്ടുന്നതിന്റെ തലേന്നാൾ അക്തർ വാചകമടിച്ചു: സച്ചിനെ പിടിച്ചുകെട്ടുക തന്നെ ചെയ്യും. ഇതിനോട് സച്ചിൻ പ്രതികരിച്ചത് ബാറ്റ് കൊണ്ടായിരുന്നു. അക്തറിന്റെ ആദ്യ പന്തിൽ സച്ചിൻ ഒന്നും ചെയ്തില്ല. അടുത്ത പന്തിൽ തേഡ്മാനു മുകളിലൂടെ സിക്സ്. അടുത്ത പന്ത് സ്ക്വയർലെഗിലൂടെ ഫോർ. ശുഐബിന്റെ ആദ്യ ഓവറിൽ 18 റൺസ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു. ഒടുവിൽ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു. സച്ചിൻ 98 റൺസ് നേടിയ മൽസരം ഇന്ത്യ 6 വിക്കറ്റിന് ജയിച്ചു.
‘അന്ന് സച്ചിൻ 98 റൺസിൽ പുറത്തായപ്പോൾ സങ്കടം തോന്നി. അത് സത്യത്തിൽ ഒരു സ്പെഷൽ ഇന്നിങ്സായിരുന്നു. തീർച്ചയായും സെഞ്ചുറിയിലെത്തേണ്ടിയിരുന്ന ഒന്ന്. സച്ചിൻ സെഞ്ചുറി പൂർത്തിയാക്കുന്നതു കാണാൻ ഞാനും ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. സച്ചിനെ പുറത്താക്കിയ ആ ബൗൺസറിൽ അദ്ദേഹം ഔട്ടാകുന്നത് കാണുന്നതിനേക്കാൾ എനിക്കു സന്തോഷം മുൻപത്തേതുപോലെ അദ്ദേഹം സിക്സർ അടിക്കുന്നതായിരുന്നു’ – അക്തർ വെളിപ്പടുത്തി. മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയശേഷമാണ് സച്ചിൻ അന്ന് ബാറ്റു ചെയ്തത്.
മത്സരത്തിലാകെ 72 റൺസ് വഴങ്ങി റാവൽപിണ്ടി എക്സ്പ്രസിന് ആകെ ലഭിച്ചത് സച്ചിന്റെ വിക്കറ്റ് മാത്രമായിരുന്നു. പാക്കിസ്ഥാൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം സച്ചിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ അനായാസം മറികടക്കുകയും ചെയ്തു. ആറു വിക്കറ്റിനാണ് അന്ന് ഇന്ത്യ കളി ജയിച്ചത്. വെറും 75 പന്തിൽനിന്ന് 12 ഫോറും ഒരു സിക്സും സഹിതമാണ് അന്ന് സച്ചിൻ 98 റൺസെടുത്തത്.
സച്ചിനെയും ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും അക്തർ അഭിപ്രായപ്പെട്ടു. ‘ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലാണ് സച്ചിൻ ബാറ്റ് ചെയ്തിരുന്നത്. ഇപ്പോഴാണ് സച്ചിൻ കളിക്കുന്നതെങ്കിൽ അദ്ദേഹം 1.30 ലക്ഷം റൺസെങ്കിലും നേടിയേനെ. അതുകൊണ്ട് തൽക്കാലം സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാതിരിക്കുന്നതാണ് ഉചിതം’ – അക്തർ പറഞ്ഞു.