സുപ്രീം കോടതി ഉത്തരവാണ്, മറക്കല്ലേ, സര്‍ക്കാരേ…

സുപ്രീം കോടതി വിധിയാണ്, അത് പാലിക്കാതിരിക്കാന്‍ സാധിക്കില്ലെന്നൊക്കെ വീമ്പിളക്കുന്ന പിണറായി സര്‍ക്കാരിന് ഇതെന്തുപറ്റി..? ഇക്കാര്യത്തില്‍ എന്താ ഒരു ഉഷാറില്ലാത്തെ..? അനധികൃത നിര്‍മാണമെന്നു കണ്ടെത്തി മരടിലെ ഫ്‌ലാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്. മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ കെ.എ. ദേവസിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഒരു നടപടിയുമില്ലാതെ ഒന്നരമാസം പൂഴ്ത്തി. ക്രൈംബ്രാഞ്ച് ദേവസ്സിയെ പ്രതിചേര്‍ക്കാമോ എന്നറിയാന്‍ നിയമോപദേശം തേടുന്നു, അങ്ങനെ, കാര്യങ്ങള്‍ വലിച്ചിഴയ്ക്കുകയാണ്. അതേസമയം പഞ്ചായത്ത് ഭരണസമിതിയിലെ മുന്‍ അംഗങ്ങള്‍ അടക്കം സിപിഎമ്മുകാര്‍ ദേവസിക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

പടുകൂറ്റന്‍ കെട്ടിടങ്ങളെല്ലാം അനധികൃതമെന്നു കണ്ടെത്തി ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ട് എട്ടു മാസമാകുന്നു. ഇവയ്ക്ക് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചതു പ്രകാരം അന്വേഷണം അന്ന് തുടങ്ങിയതാണ്. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് അക്കാലത്തെ രേഖകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് പിന്നെ അന്നത്തെ ഭരണസമിതി അംഗങ്ങളെയും ചോദ്യംചെയ്ത് നിഗമനത്തിലെത്തി. അങ്ങനെയാണ് 2005 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റ്് ആയിരുന്ന കെ.എ. ദേവസിക്കെതിരെ നടപടിക്കു സര്‍ക്കാരിന്റെ അനുമതി തേടിയത്.

പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ജോസി ചെറിയാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്ക് കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് കത്തയച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാരിലേക്ക് അയച്ചു. ഒന്നരമാസം ഇതിന്മേല്‍ ഒരു നടപടിക്കും സര്‍ക്കാര്‍ തയാറായില്ല. അന്വേഷണം വഴിമുട്ടിയെന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിവാദം ഭയന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇത് പൊടിതട്ടിയെടുത്ത ആഭ്യന്തരവകുപ്പ് പക്ഷെ നിയമോപദേശം തേടാന്‍ നിര്‍ദേശിച്ച് ഫയല്‍ അയച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനോടാണ് ഉപദേശം തേടുന്നത്.

പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയിലിരിക്കെ നടത്തിയ ക്രമക്കേടായതിനാല്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നതു സുപ്രീംകോടതി നിര്‍ദേശമാണ്. കുറ്റകൃത്യത്തില്‍ ദേവസിയുടെ പങ്ക് വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനിടയിലും ദേവസിയ്‌ക്കെതിരെ കുരുക്ക് മുറുകുകയാണ്. ഭരണസമിതിയില്‍ ഒപ്പം ഉണ്ടായിരുന്ന മൂന്നു സിപിഎം അംഗങ്ങളുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി. വി. വിജയകുമാര്‍, പി.കെ. രാജു എന്നിവര്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മജിസ്‌ട്രേറ്റിനു മുന്നിലെത്തി മൊഴി നല്‍കി.

പി.ഡി. രാജേഷിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. കോണ്‍ഗ്രസ് അംഗങ്ങളായിരുന്ന ആന്‍ഡ്രൂസ് കളത്തിപ്പറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍, സി.ഇ. വിജയന്‍ എന്നിവരുടെ മൊഴികള്‍ നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കും വിധം പഞ്ചായത്ത് യോഗത്തിന്റെ മിനുട്‌സില്‍ തിരിമറി നടത്തിയത് ദേവസിയാണെന്നു സിപിഎം അംഗങ്ങള്‍ അടക്കം ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. ഈ മൊഴികള്‍ ഭാവിയില്‍ മാറ്റാതിരിക്കാനാണ് മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തുന്നത്. ഇവയുടെ പകര്‍പ്പ് ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ഇതേരീതിയില്‍ തുടര്‍ന്നാല്‍ അന്വേഷണം വഴിമുട്ടുമെന്നതില്‍ സംശയമില്ല. കുറ്റം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നത് ഇടയ്ക്കിടെ ഒന്ന് പിണറായി സര്‍ക്കാരിനെ ആരെങ്കിലും ഓര്‍മ്മിപ്പിക്കുന്നത് നന്നായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7