സംഘാടകരെ അഭിനന്ദിച്ച് എംപി; തൊട്ടുപിന്നാലെ ഗ്യാലറി തകര്‍ന്നു

ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചതിലും വൈകിയാണ് തുടങ്ങിയത്. എങ്കിലും അക്ഷമരായി കാണികള്‍ കാത്തിരുന്നു, ഗ്രൗണ്ടിലിറങ്ങുന്ന ഫുട്ബോള്‍ സൂപ്പര്‍താരങ്ങളുടെ പ്രകടനം കാണാന്‍. വന്‍തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ പാലക്കാട് നൂറണി ടര്‍ഫ് മൈതാനത്തേക്ക് എത്തിക്കൊണ്ടിരുന്നു.

തിരക്കിനിടയിലും ബൈച്ചുങ് ബൂട്ടിയ മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോള്‍ മത്സരത്തിന് സിക്കിമില്‍നിന്ന് എത്തിയത്. ഐ.എം. വിജയന്‍, ഷറഫലി, ആസിഫ് സഹീര്‍, വി.പി. ഷാജി, കുരികേശ് മാത്യു, മുഹമ്മദ് ഹക്കീം തുടങ്ങിയ വമ്പന്‍ താരനിരതന്നെ മൈതാനത്ത് അണിനിരക്കുകയും ചെയ്തു.

ഉദ്ഘാടനച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷപ്രസംഗത്തില്‍ ധനരാജിന്റെ കുടുംബത്തിന് കൈയയച്ച് സഹായിച്ച സുമനസ്സുകള്‍ക്ക് നന്ദിപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.

തുടര്‍ന്ന്, ഉദ്ഘാടനപ്രസംഗത്തിനെഴുന്നേറ്റ വി.കെ. ശ്രീകണ്ഠന്‍ എം.പി. ഇത്രയും കാര്യക്ഷമമായി സെലിബ്രിറ്റി ഫുട്ബോള്‍ നടത്താന്‍ സൗകര്യമൊരുക്കിയ കെ.എഫ്.എ. പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനിടെയാണ് ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി കിഴക്കുവശത്ത് ഡോലക് സംഘമിരുന്ന ഗാലറിയില്‍നിന്ന് അലര്‍ച്ച ഉയര്‍ന്നത്.

നിമിഷങ്ങള്‍ക്കകം ഗാലറിയപ്പാടെ തകര്‍ന്നുവീണു. മൈതാനം ഒരുനിമിഷം സ്തബ്ധമായി. ആശങ്കയ്ക്ക് വിരാമമിട്ട് ഫുട്ബോള്‍ താരങ്ങളും വൊളന്റിയര്‍മാരും അടക്കമുള്ളവര്‍ അപകടം നടന്ന സ്ഥലത്തേക്ക് കുതിച്ചു.

കമുകു പലകകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ പിന്നീട് പെടാപ്പാട്. 12 അടി മാത്രം പൊക്കമുണ്ടായിരുന്ന താത്കാലിക ഗാലറിയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. സ്ഥലത്തുനിന്ന് വാരിയെടുത്തവരെ കിട്ടിയ വാഹനത്തില്‍ കയറ്റി ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക്.

അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി വേണ്ടത്ര ആംബുലന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ സ്വകാര്യവാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അഗ്നിരക്ഷാസേനയുെട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഗാലറി നിര്‍മാണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നില്ലെന്നും സൂചനയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7