സിനിമ സെറ്റില്‍ പ്രിയം സിന്തറ്റിക് ഡ്രഗ്ഗുകള്‍; എക്‌സൈസിന്റെ വെളിപ്പെടുത്തല്‍

വെയിലേറ്റാല്‍ ആവിയാകുന്ന എല്‍.എസ്.ഡി. (ലൈസര്‍ജിക്ക് ആസിഡ് ഡൈഈഥൈല്‍ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളിലും അണിയറപ്രവര്‍ത്തകരിലും എത്തുന്നതായി എക്‌സൈസ് വകുപ്പ്. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാരേറെ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയില്‍ വെച്ചാല്‍ ലഹരി ലഭിക്കും. ലൈസര്‍ജിക്ക് ആസിഡ് അന്തരീക്ഷ ഊഷ്മാവില്‍പോലും ലയിക്കും.

ഇത്തരം കേസുകളില്‍ തെളിവുണ്ടാക്കുക ബുദ്ധിമുട്ടാണ്. സമൂഹത്തില്‍ ഉന്നത ബന്ധങ്ങളുള്ള സിനിമാപ്രവര്‍ത്തകരുള്ള സെറ്റുകളില്‍ കടന്ന് പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സാങ്കേതിക പ്രവര്‍ത്തകരിലും സഹായികളിലുംപെട്ട ഒരു വിഭാഗമാണ് മയക്കുമരുന്ന് കടത്തുകാരാകുന്നത്. ഇവരെ കണ്ടെത്താന്‍ സിനിമാപ്രവര്‍ത്തകരുടെ സഹായം വേണമെന്ന് അധികൃതര്‍ പറയുന്നു.

ലഹരിക്കായി ഉപയോഗിക്കുന്ന മെഥലീന്‍ ഡൈഓക്സി മെത്താംഫീറ്റമീന്‍ (എം.ഡി.എം.എ.) ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ വ്യാപകമായി നിര്‍മിക്കുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ചില നെജീരിയന്‍ സ്വദേശികളാണ് ഇതിനുപിന്നില്‍. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ചില രാസവസ്തുക്കളില്‍നിന്ന് ഇവ നിര്‍മിക്കാം. ഇതില്‍ ചേര്‍ക്കാനുള്ള രാസവസ്തു രാജ്യത്തിന് പുറത്തുനിന്നാണെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7