രവിശാസ്ത്രിയെ ഒഴിവാക്കും; കോഹ്ലിയുടെ ക്യാപ്റ്റന്‍സി തെറിക്കുമോ..? ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ബിസിസിഐ

ലോകകപ്പില്‍ സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനിടെ 45 ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാവണമെങ്കില്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കണം. ലോകകപ്പ് പരാജയത്തോടെ ശാസ്ത്രി വീണ്ടും കോച്ചായി വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു കോഹ്ലിയെ മാറ്റിയേക്കുമെന്നും സൂചനകളുണ്ട്. അതുപോലെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ ഇനിയുള്ള മത്സരങ്ങളിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ധോണി സ്വയം വിരമിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ബിസിസിഐ.

വിന്‍ഡീസ് പര്യടനം കൂടി ഉള്‍പ്പെടുത്തിയാണ് ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ കളിക്കുക.

അതേസമയം, ശങ്കര്‍ ബസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും ടീമിനോട് വിട പറഞ്ഞതോടെ പുതിയ ട്രയ്നറേയും ഫിസിയോയേയും നിയമിക്കും. 2017ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ശാസ്ത്രി ഇന്ത്യന്‍ കോച്ചായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7