ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ച വിമര്‍ശം ഉന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്ന പ്രിയങ്കയുടെ വിമര്‍ശമാണ് യു.പി മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
‘അവരുടെ പാര്‍ട്ടി പ്രസിഡന്റ് യു.പി.യില്‍ മത്സരിച്ച് തോറ്റു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുകയാണ്. ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണ്.’- അദ്ദേഹം കുറ്റപ്പെടുത്തി.
‘യു.പി.യില്‍ കുറ്റവാളികള്‍ യഥേഷ്ടം വിളയാടുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതെല്ലാം ബി.ജെ.പി. സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. യു.പി. സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങിയോ?’- എന്നായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. സംസ്ഥാനത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
അതിനിടെ, പ്രിയങ്കയുടെ ട്വീറ്റിനെതിരേ യു.പി പോലീസും രംഗത്തെത്തി. കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന്റെ കണക്കുകള്‍ നിരത്തി ആയിരുന്നു പോലീസിന്റെ മറുപടി.