നിര്‍ഭയ കേസ് : എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീം കോടതിക്കു പുറത്തുവച്ചാണ് സംഭവം. കേസില്‍ അവസാന ഹര്‍ജിയും തള്ളിയതിനു പിന്നാലെ കോടതിക്ക് പുറത്തെത്തിയ പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. എ.പി. സിങ് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷക ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവരെ ഇയാള്‍ സഹായിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കോടതിയില്‍ കയറാന്‍ അനുവദിക്കരുതെന്നും ആക്രോശിച്ചാണ് അഭിഭാഷക ആക്രമിക്കാന്‍ ശ്രമിച്ചത്.

അന്ത്യന്തം നാടകീയ മണിക്കൂറുകള്‍ക്കു ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.

നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30ന് ഒരുമിച്ചാണ് തൂക്കിലേറ്റിയത്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു നീക്കി. കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7