ലോകകപ്പിന് മുന്‍പ് കേദാര്‍ ജാദവിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരമാര്. കേദാറിന്റെ പരിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ച മുറുകുകയാണ്. കേദാറിന് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷാര്‍ പട്ടേലിനെയും മധ്യനിരതാരം അമ്പാട്ടി റാഡുയുവിനെയുമാണ് ടീം മാനേജ്മെന്റും സെലക്ടര്‍മാരും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി മുന്നോട്ടുവയ്ക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ടീമിലെടുക്കണം എന്നാണ്.
‘ഫിറ്റ്നസാണ് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ കൂട്ടുന്ന ഒരു ഘടകം. കേദാര്‍ ജാദവ് പരിക്കിന്റെ പിടിയിലാണെന്ന് മനസിലാക്കുന്നു. കേദാറിന് കളിക്കാന്‍ കഴിയാതെ വന്നാല്‍ ഋഷഭിനെയാണ് പകരക്കാരനായി താന്‍ പരിഗണിക്കുക. മാച്ച് വിന്നറാകാനും ബൗളര്‍മാരെ കണ്ണീരണിയിക്കാനും കഴിയുന്ന താരങ്ങളിലൊരാളാണ് ഋഷഭ്. അര മണിക്കൂറു കൊണ്ടോ 10 ഓവറിലോ മത്സരം മാറ്റിമറിക്കാനുള്ള കഴിവ് ഋഷഭിനുണ്ട്.
ലോകകപ്പ് ഉയര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പന്തിനെ പോലൊരു താരം ടീമില്‍ വേണം. ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ ഋഷഭ് ചിലപ്പോള്‍ അപക്വത കാട്ടിയിട്ടുണ്ട്. എന്നാല്‍ അത് പരിഹരിക്കണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതും ടീമിലെ സ്ഥാനം ഉറപ്പിക്കേണ്ടതുമുണ്ട്. ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിന് ദീര്‍ഘകാല നിക്ഷേപമാണെന്നും’ ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തില്‍ റോജര്‍ ബിന്നി കുറിച്ചു.
ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ചെന്നൈ താരമായ കേദാറിന് പരിക്കേറ്റത്. ഇതോടെ ഐപിഎല്‍ 12-ാം സീസണ് പൂര്‍ത്തിയാക്കാതെ താരം പുറത്തായി. പരിക്കില്‍ നിന്ന് മുക്തനാകാന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 23 ആണ് ലോകകപ്പ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി.