കോട്ടയം: ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കത്തിനെതിരെ മാണി വിഭാഗത്തില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. ജോയി എബ്രാഹം ഉള്‍പ്പടെയുള്ള നേതാക്കാള്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു.
ജില്ലാപ്രസിഡന്റുമാരെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള മാണിവിഭാഗത്തിന്റ നീക്കമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്റ നേതൃത്വത്തില്‍ നടക്കുന്നതിനെതിരെ മാണി വിഭാഗത്തിലെ നേതാക്കള്‍ തന്നെ രംഗത്തെത്തി. സി എഫ് തോമസിനെ കണ്ട ശേഷം നേതാക്കള്‍ മുന്‍ എംപി ജോയി എബ്രാഹാമിനെയും കണ്ടിരുന്നു. ഇപ്പോഴത്തെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞു.
പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാണ് ഈ നേതാക്കള്‍ നല്‍കുന്നത്. അനവസരത്തിലുള്ള നീക്കമാണെന്ന് മാണി വിഭാഗത്തിലെ മറ്റൊരു മുതിര്‍ന്ന നേതാവ് വിമര്‍ശിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ല അതിനാലാണ് സംസ്ഥാനകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ മാണി വിഭാഗം നീക്കം നടത്തുന്നത്.
എന്നാല്‍ മാണി വിഭാഗത്തിലെ തിരുവന്തപുരം കൊല്ലം മലപ്പുറം ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയെ കാണാന്‍ ഇന്നലെ എത്തിയിരുന്നില്ല. ബാക്കി ഏഴ് പേരില്‍ ചിലരും ജോസഫിനെ വിളിച്ച് നീക്കത്തെ എതിര്‍ക്കുന്നതായി അറിയിച്ചുവെന്നാണ് സുചന. ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ പാര്‍ട്ടി രണ്ടാകുമെന്ന വിലയിരുത്തല്‍ പങ്കുവയ്ക്കുന്ന നേതാക്കളും കുറവല്ല.