റാഞ്ചി: ജമ്മുകശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം നല്കി വരുന്ന പ്രത്യേകാധികാരം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പിന്‍വലിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ‘നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ഞങ്ങള്‍ 370 എടുത്തു മാറ്റും’, ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയെ നിരന്തരം ലക്ഷ്യം വെച്ചു കൊണ്ടേയിരുന്നു. മാത്രമല്ല ജവാന്മാരുടെ തലയറുക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷ വെച്ച് നമുക്ക് വിട്ടു വീഴ്ച ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്തണമെന്നാണ് പാകിസ്താന് ആഗ്രഹിക്കുന്നത്. പക്ഷെ അത് ഞങ്ങള്‍ അനുവദിക്കില്ല. ഒരു ബുള്ളറ്റ് ഇങ്ങോട്ട് വന്നാല്‍ അവിടെ ഒരു ഷെല്‍ ആയിരിക്കും പതിക്കുക’, അമിത് ഷാ പറഞ്ഞു.
കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണം എന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനക്കെതിരേ കശ്മീര്‍ ഇന്ത്യയുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണെന്ന് അമിത് ഷാ പ്രതികരിച്ചു. ബാലാക്കോട്ടിലെ ആക്രമണത്തെ തുടര്‍ന്ന് രാജ്യം മധുരം വിതരണം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സിനെയും പാകിസ്താനെയും വിഷാദം മൂടുകയായിരുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.