ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് ആദ്യ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന് തോല്‍പ്പിച്ചത്. ഇതോടെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോസ് ബട്ലറാ (43 പന്തില്‍ 59)ണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (20 പന്തില്‍ 22), സ്റ്റീവ് സ്മിത് (31 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ത്രിപാഠി (21 പന്തില്‍ 27), ബെന്‍ സ്റ്റോക്സ് (1) പുറത്താവാതെ നിന്നു. ആദ്യ വിക്കറ്റില്‍ രഹാനെ- ബട്ലര് സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനെ പുറത്താക്കി ചാഹലാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ ബട്ലറെയും പുറത്താക്കി ചാഹല്‍ ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്മിത്ത്- ത്രിപാഠി സഖ്യം വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. രാജസ്ഥാനായി ശ്രേയാസ് ഗോപാല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോലി (23), ഡിവില്ലിയേവ്സ് (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (1), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്.
മികച്ച തുടക്കം ലഭിച്ചെങ്കിലും കോലിയെ പുറത്താക്കി ഗോപാല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്കി. പിന്നാലെയെത്തിയ ഡിവില്ലിയേഴ്സിനേയും ഗോപാല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. ഹെറ്റ്മ്യര്‍ക്കും ഗോപാലിന്റെ പന്തില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത പാര്‍ത്ഥിവിനെ ജോര്‍ഫ്ര ആര്‍ച്ചര്‍ മടക്കിയയച്ചു. മാര്‍കസ് സ്റ്റോയിനിസ് (31), മൊയീന്‍ അലി (18) എന്നിവരാണ് സ്കോര്‍ 150 കടത്തിയത്.