വിഖ്യാത ബാസ്‌കറ്റ്‌ബോള്‍ താരവും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ്(41) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകള്‍ ജിയാനയും അപകടത്തില്‍പെട്ടു.

ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതുപേരും മരിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് അപകടമുണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‌സിന്റെ മുന്‍ താരമാണ് കോബി ബ്രയന്‍

20 വര്‍ഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കായിക ജീവിതം ഇതിഹാസസമമായിരുന്നു. ലൊസാഞ്ചലസ് ലേക്കേഴ്‌സിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. എന്‍ബിഎ മത്സരക്രമത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണയാണ് കോബി നേടിയത്. 2008, 2012 ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ യുഎസ് ടീമിന്റെ ഭാഗമായി. അപകടത്തില്‍പെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

അഞ്ചു തവണത്തെ എന്‍ബിഎ ചാമ്പ്യനായ കോബിയെ ബാസ്‌ക്കറ്റ് ബോള്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ഗണിക്കുന്നത്. 2016 ല്‍ വിരമിക്കുമ്പോള്‍ 33,643 പോയിന്റുകളാണ് നേടിയത്. ലോസ് ഏഞ്ചല്‍സ് ലാക്കേഴ്സിനൊപ്പം 20 വര്‍ഷം നീണ്ട ബാസ്‌ക്കറ്റ്ബോള്‍ കരിയറിന് ശേഷം 2016 ലാണ് അദ്ദേഹം വിരമിച്ചത്. 2008 ല്‍ എന്‍ബിഎ യിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന അദ്ദേഹം രണ്ടു തവണ ഈ നേട്ടം ആവര്‍ത്തിച്ചു. 2006 ല്‍ ടൊറന്റോ റാപ്റ്റേഴ്സിനെതിരേ അദ്ദേഹം നേടിയ 81 പോയിന്റ് ചരിത്രമായിരുന്നു. ഒരു മത്സരത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറിംഗ് ആയിരുന്നു.

ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവു കൂടിയാണ് കോബി. 2015 ല്‍ അദ്ദേഹം ബാസ്‌ക്കറ്റ് ബോളിന് വേണ്ടി എഴുതിയ പ്രണയലേഖനം അഞ്ചുമിനിറ്റ് സിനിമയായപ്പോള്‍ 2018 ല്‍ ഏറ്റവും മികച്ച ഷോര്‍ട്ട് ആനിമേറ്റ്ഡ് സിനിമയ്ക്കുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. അദ്ദേഹം ലൈംഗിക പീഡന വിവാദത്തിലും പെട്ടിരുന്നു. കോളറാഡോ റിസോര്‍ട്ടില്‍ വെച്ച് ഉഭയസമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്ന അവകാശവാദവുമായി 2003 ല്‍ ഒരു 19 കാരി എത്തിയത് വിവാദമയായിരുന്നു. എന്നാല്‍ അദ്ദേഹം ആരോപണം നിഷേധിക്കുകയും കേസ് കോടതി തള്ളുകയും ചെയ്തു. പിന്നീട് ഇക്കാര്യത്തില്‍ അദ്ദേഹം ക്ഷമ പറയുകയും ഒടുവില്‍ കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7