ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുന്‍പ് രാജസ്ഥാന് റോയല്‍സിന് ആശ്വാസ വാര്‍ത്ത. ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന് ആഷ്ടണ്‍ ടര്‍ണര്‍ രാജസ്ഥാന് ക്യാമ്പിനൊപ്പം ചേര്‍ന്നു.
ഇന്ത്യക്കെതിരെ മൊഹാലി ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് ടര്‍ണര്‍. ഇന്ത്യയുടെ 359 റണ്‍സ് പിന്തുടരുമ്പോള് രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ടര്‍ണര്‍ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. 195 സ്ട്രൈക്ക് റേറ്റില്‍ 43 പന്തില്‍ 84 റണ്‍സാണ് അന്ന് ടര്‍ണര്‍ അടിച്ചെടുത്തത്. ഈ പ്രകടനം തുടരാനാണ് ടര്‍ണര്‍ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് കുപ്പായമണിയുന്നത്.
ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിലെ കൊമ്പന് സ്രാവാണ് ടര്‍ണര്‍. കഴിഞ്ഞ രണ്ട് ബിഗ് ബാഷ് സീസണുകളിലും 15-20 ഓവറുകള്‍ക്കിടയില്‍ ടര്‍ണറോളം റണ്‍സ് അടിച്ചുകൂട്ടിയ ബാറ്റ്സ്മാന്‍മാരില്ലെന്നതുതന്നെ യുവതാരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് തെളിവ്. പാര്‍ട്ടൈം സ്പിന്നറായ ടര്‍ണറെ ഓള്‍റൗണ്ടറായും രാജസ്ഥാന് പ്രയോജനപ്പെടുത്താം.
ജയ്പൂരില്‍ ചൊവ്വാഴ്ചയാണ് രാജസ്ഥാന് റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം. ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ടീമുകളാണ് ഇരുവരും. മൂന്ന് മത്സരത്തിലും തോറ്റ് അവസാന സ്ഥാനക്കാരാണ് രാജസ്ഥാനും ബാംഗ്ലൂരും.