കോട്ടയം: ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍. ഉമ്മന്‍ചാണ്ടി മത്സര രംഗത്ത് വന്നാല്‍ മധ്യകേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളില്‍ മാറ്റം വന്നേക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി രംഗത്തെത്തിയാല്‍ ഇതിന് മാറ്റം വരാനിടയുണ്ട്.
ഉമ്മന്‍ ചാണ്ടിയാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് വീട്ടു കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറേയേക്കും. കോട്ടയത്തു നിന്നും ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും അണികളും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതു വരെ മനസ്സു തുറന്നിട്ടില്ല. കോട്ടയം വിട്ടു നല്‍കുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ഇടുക്കി, ചാലക്കുടി സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും.
പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് മാണി വിഭാഗം എടുത്തതിനാല്‍ ലോക്‌സഭാ സീറ്റ് വേണമെന്ന നിലപാടിലാണ് പി.ജെ ജോസഫ്. അങ്ങനെ വന്നാല്‍ ഇടുക്കി സീറ്റില്‍ ജോസഫ് വിഭാഗം മത്സരിക്കും. പാര്‍ട്ടിക്കുള്ളിലെ ജോസ് കെ മാണിയുടെ അപ്രമാദിത്വത്തിന് തടയിടുക എന്ന ലക്ഷ്യവും പി.ജെ ജോസഫിന്റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മധ്യകേരളത്തിലെ സീറ്റ് വിഭജനം യുഡിഎഫിന് വെല്ലുവിളിയാകും.