ലോകകപ്പിനേക്കാള്‍ മികച്ചത്..!!! ടെസ്റ്റ് വിജയത്തില്‍ കോഹ്ലിയുടെ പ്രതികരണം

സിഡ്‌നി: തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്. ഇക്കാലത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണിത് ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി പറഞ്ഞു.

ടീം ഇന്ത്യയുടെ കാര്യത്തില്‍ ഇതൊരു ചവിട്ടുപടിയാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം വളരെ ചെറുതാണ്. വിശ്വാസമാണു ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതുപോലുള്ള കളിക്കാരുടെ നായകനാകാന്‍ സാധിക്കുന്നതു തന്നെ ഒരു അംഗീകാരമാണ്. അവരാണു നായകനെ മികച്ചതാക്കുന്നത്. തീര്‍ച്ചയായും ആസ്വദിക്കേണ്ട ഒരു നിമിഷമാണ് ഇതെന്നും വിരാട് കോഹ്‌ലി പ്രതികരിച്ചു.

2011 ല്‍ എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ലോകചാംപ്യന്‍മാരായതിനു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യ വീണ്ടും 2011ല്‍ കിരീട ജേതാക്കളായത്. ഏതാണു മികച്ചതെന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സിഡ്‌നിയില്‍ കോഹ്‌ലിയുടെ പ്രതികരണം ഇങ്ങനെ… എന്റെ ഏറ്റവും മികച്ച നേട്ടം ഈ ടെസ്റ്റ് പരമ്പരയാണ്. ഞങ്ങള്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ യുവതാരമായിരുന്നു ഞാന്‍. അന്നു പല താരങ്ങളും വൈകാരികമായി പ്രതികരിക്കുന്നത് എനിക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. കോഹ് ലി പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ മഴ കൂടി കളിച്ചപ്പോള്‍ സമനിലയായെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കി രാജകീയമായാണ് ഓസീസ് മണ്ണില്‍നിന്ന് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്.. ജയത്തോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടവും കൂടിയായി ഇത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യക്കാരനും ഏഷ്യക്കാരനും ആയി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയുള്‍പ്പെടെ ആകെ 282 റണ്‍സ് നേടിയാണ് വിരാട് ടീം ഇന്ത്യയെ നയിച്ചത്.

പരമ്പരയില്‍ അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പെര്‍ത്തിലെ ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചു. അവസാനത്തേതും നിര്‍ണായകവുമായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം ആരാധകരില്‍ വീണ്ടുമൊരു ജയമെന്ന മോഹം കൂടി നിറച്ചതാണ്. പക്ഷേ മഴ കൂടി ഓസ്‌ട്രേലിയയ്ക്കായി ‘കനിഞ്ഞപ്പോള്‍’ ആ ജയം ഒരു സമനിലയായി മാറി. നാലാം ടെസ്റ്റിന്റെ അവസാന രണ്ടു ദിവസങ്ങളില്‍ മഴയായിരുന്നു ഇരു ടീമുകളേക്കാളും കളിച്ചത്.

71 വര്‍ഷത്തിനിടെ 11 ശ്രമങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. കോഹ്‌ലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഇന്ത്യ നേരത്തേ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7