ആയിരക്കണക്കിന് ഭക്തര്‍ നിലവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി സമാധാനത്തോടെ പോകുന്നുണ്ടെന്നും ഒന്നോ രണ്ട് ആളുകളെ മാത്രം പോലീസ് തടയുന്നത് എന്തിനെന്ന് ചിന്തിച്ചാല്‍ മനസ്സിലാവുമെന്നും എസ്പി യതീഷ് ചന്ദ്ര. സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര
ശശികല ടീച്ചര്‍ കുട്ടികളുമായിട്ട് ചോറു കൊടുക്കാന്‍ പോകുന്നുണ്ടെന്ന് പറഞ്ഞു. അത് ശരിയാണോ എന്ന് ഞങ്ങള്‍ വന്നു പരിശോധിച്ചു. അപ്പോള്‍ മനസ്സിലായി ഇന്നലെ സന്നിധാനത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. അപ്പോ അതിന്റെ ഭാഗമായി മാഡം(ശശികല) വന്നതാണോ എന്ന് ഞങ്ങള്‍ പരിശോധിച്ചു.പിന്നീട് അവരുടെ കൂടെ മറ്റു ചില ആളുകള്‍ കൂടിയുണ്ടെന്ന് മനസ്സിലായി.അവര്‍ ഒരു കുഴപ്പവുമില്ലാതെ തൊഴുതു വരട്ടെ എന്ന് തന്നെയാണ് ഞങ്ങളുടെ പ്രാര്‍ഥന.
പക്ഷെ ഞങ്ങളുടെ കണ്ടീഷന്‍ സിമ്പിളാണ്. മാഡം പോയി പെട്ടെന്ന് തിരിച്ചു വരണം. നട അടക്കുന്ന സമയത്ത് ആരെയും താമസിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല. എല്ലാരുടെ മുമ്പില്‍ വെച്ച് മാഡം പ്രോമിസ് ചെയ്തിട്ടുണ്ട്. സാദാ ഭക്തരായി പോയിവരുമെന്ന അവരുടെ വാക്ക് വിശ്വസിച്ച് പോകാന്‍ അനുവദിച്ചിട്ടുണ്ട്. നോട്ടീസ് കൊടുക്കും. അത് പ്രകരം കുഴപ്പമുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിക്കും.
ഒരാളെ നിയന്ത്രിക്കാനോ ബുദ്ധിമുട്ടിക്കാനോ പോലീസ് ഉദ്ദേശിക്കുന്നില്ല. ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നത് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നുണ്ടായിരിക്കും. എന്തിനാ ഒന്നോ രണ്ട് ആളുകളെ മാത്രം ഞങ്ങള്‍ തടയുന്നത് എന്നത് കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാവും.
ഞങ്ങളുടെ ആവശ്യം സിമ്പിളാണ്. എല്ലാ ഭക്തരും സുഖമായിപോണം. അവിടെ പോയി തമ്പടിക്കരുത്. അവിടെ പോകുന്ന സ്ത്രീകള്‍ക്ക് നേരെ തേങ്ങയെറിയരുത്. ഇത്തരത്തില്‍ നിയമപരമായ സംരക്ഷണം ഉറപ്പു വരുത്താന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആയിരക്കണക്കിന് ഭക്തര്‍ വരുന്നു. ആരെയും ഇങ്ങനെ പരിശോധിക്കുന്നില്ല.
മാഡം മീഡിയയുടെ മുന്നില്‍ വെച്ച് സമ്മതിച്ചിട്ടുണ്ട് വൈകുന്നേരം തിരിച്ചു വരുമെന്ന്. അങ്ങനെ എല്ലാ നേതാക്കളും പറഞ്ഞാല്‍ കാര്യങ്ങള്‍ എത്ര എളുപ്പമാവും.
ഭക്തര്‍ക്ക് ചെലവഴിക്കാനുള്ള സമയത്തിന് ഞങ്ങള്‍ നിയന്ത്രണം വെച്ചിട്ടില്ല. അവിടെ പോയി തമ്പടിക്കേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. സാധാരണ യഥാര്‍ഥ ഭക്തന് എത്ര സമയം പിടിക്കും. തൊഴുത ശേഷം വേഗം തിരിച്ചു വരിക. അതിന് പകരം തിരിച്ചു വരാതെ തമ്പടിച്ചാല്‍ ദൂരെ നിന്നു വരുന്ന വേറെ നാട്ടുകാര്‍ക്കും അമ്പലം വന്ന് കാണേണ്ടേ. പാര്‍ട്ടിക്കാര്‍ മാത്രം തൊഴുതു വരുന്ന രീതിയായാല്‍ എങ്ങനെ ശരിയാകും. അവിടെ പോയി തമ്പടിക്കേണ്ട. അതാണ് ഞങ്ങളുടെ റിക്വസ്റ്റ്.