തിരുവനന്തപുരം: ജയില്‍ വകുപ്പിന്റെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. പണം നല്കി ഒരു ദിവസം ജയിലില്‍ കഴിയാന്‍ പറ്റുന്നത് അടക്കമുളള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം സ്ഥാപിക്കും. കാരാഗൃഹത്തില്‍ നിന്ന് കറക്ഷണല്‍ സെന്റര്‍ എന്ന നിലയിലേക്കുളള ജയില്‍ പരിവര്‍ത്തനത്തിന്റെ ചരിത്രം പറയുന്നതായിരിക്കും മ്യൂസിയം. ഇതിന്റെ ഭാഗമായാണ് ജനങ്ങള്‍ക്ക് ജയിലില്‍ കിടക്കാനും അവസരമൊരുങ്ങുന്നത്. ഹോട്ടല്‍ മുറിയെടുക്കുന്നതിന് സമാനമായി പണം കൊടുത്ത് തടവറയില്‍ കഴിയാം. 24 മണിക്കൂര്‍ ജയില്‍ വാസമാണ് അനുവദിക്കുന്നത്. കുറ്റവാളികള്‍ അല്ലാത്തവര്‍ക്കും ജയില്‍ ജീവിതം എന്തെന്നറിയാനാവും. ആറു കോടി രൂപയാണ് മ്യൂസിയം നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടമായി മൂന്നു കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പോ നിര്‍മിതി കേന്ദ്രമോ ആകും പ്രവൃത്തികള്‍ ചെയ്യുക. കൗതുകത്തിന് വേണ്ടിയാണ് ജയില്‍ കിടക്കുന്നതെങ്കിലും തടവറയിലെ ഒരു ദിവസത്തെ ജീവിതം തെറ്റു ചെയ്യാനുളള പ്രവണത ജനങ്ങളില്‍ ഇല്ലാതാക്കുമെന്ന് അധികൃതര്‍ കണക്കാക്കുന്നു.