പത്തനംതിട്ട: ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാകണമെന്നും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഏണിയുടെ മുകളിലേക്കു നോക്കിയിരിക്കുന്നവര്‍ ആകരുതെന്നും റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ. വ്യക്തിപരമായും വര്‍ഗീയമായും രാഷ്ട്രീയമായും താല്പര്യമുള്ള കേസുകള്‍ ആ ജഡ്ജിമാര്‍ എടുക്കരുത്. എക്സിക്യൂട്ടീവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തേണ്ടത് ജുഡീഷ്യറിയുടെ കടമയാണ്. വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായി കാണരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശദ്രോഹമായി കാണുന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ ജഡ്ജിമാരുടെ നിയമനത്തിനു സ്വതന്ത്ര നിയമന കമ്മിഷന് രൂപീകരിക്കണമെന്നു മുന്‍ കെമാല്‍ പാഷ പറഞ്ഞിരുന്നു. . നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊളീജിയത്തിനു പകരം വിരമിച്ച ജഡ്ജിമാരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിക്കണം. ഒരോരുത്തരെയും വിശദമായി വിശകലനം ചെയ്തും കൂടിക്കാഴ്ച നടത്തിയും തയാറാക്കുന്ന പട്ടികയില്‍ നിന്നും കഴിവുള്ളവരെ കണ്ടെത്താന്‍ കഴിയും. വിരമിക്കുന്ന ജഡ്ജിമാര്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജോലികളില്‍ പോവുന്നതു തടയണമെന്നും നേരത്തെ കെമാല്‍പാഷ പറഞ്ഞു.
‘നിയമനിര്‍മാണം നടത്തുന്ന ജനപ്രതിനിധികള്‍ക്കും കുറഞ്ഞ യോഗ്യത നിശ്ചയിക്കണം. കോടതിയില്‍ നടക്കുന്ന ഭൂരിഭാഗം കേസുകളിലും സര്‍ക്കാര്‍ കക്ഷിയായതിനാല്‍ സര്‍ക്കാരിന്റെ ഇഷ്ടക്കേടിന് ഇടയാവാതെ വിധി പറയേണ്ടിവരുന്നുവെന്ന ആക്ഷേപം തള്ളിക്കളയാനാകില്ല. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വെവ്വേറെ രീതിയില്‍ നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കു ജുഡീഷ്യറി പ്രത്യേക പരിഗണന നല്‍കാറുണ്ട്. ഇതു ജഡ്ജിയുടെ വിവേചനാധികാരമാണ്. അതല്ലെങ്കില്‍ ജഡ്ജിക്കു പകരം കംപ്യൂട്ടര്‍ മതിയായിരുന്നു’.
സ്വതന്ത്രമായി അഭിപ്രായം പറയുന്ന തന്നെ കോടതി അലക്ഷ്യത്തില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെമാല്‍പാഷ പറഞ്ഞിരുന്നു.