ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; നീതി തേടി ഏതറ്റംവരെയും പോകുമെന്ന് കുടുംബം

കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു. പൊലീസുകാരായ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. ശ്രീജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു.

കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്ത് മൊഴി നല്‍കിയിരുന്നു. സിവില്‍ വേഷത്തിലെത്തിയ രണ്ടു പൊലീസുകാര്‍ മര്‍ദിച്ചു. വീടിനു സമീപത്തു വെച്ചാണ് മര്‍ദിച്ചതെന്നുമാണ് ശ്രീജിത്തിന്റെ മൊഴി. ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശ്രീജിത്ത് തന്നെ ഡോക്ടര്‍മാരോട് പറഞ്ഞതാണ്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. ഈ സാഹചര്യത്തില്‍ ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) പിരിച്ചു വിട്ടിരുന്നു.

റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്സ്. എആര്‍ ക്യാമ്പുകളിലെ പൊലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കോ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കോ ഇവരില്‍ യാതൊരു അധികാരവുമില്ല. ഇവര്‍ സ്റ്റേഷന്‍ പരിധിയില്‍ എത്തുന്നത് സിഐമാരോ എസ്ഐമാരോ അറിയാറുമില്ല. മിക്കവാറും മഫ്ടിയിലായിരിക്കും ഇവരുടെ വരവ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7