മുണ്ട് ജനങ്ങള്‍ മുറുക്കിയുടുത്താല്‍ മതി..! ഞങ്ങള്‍ക്ക് അത് ബാധകമല്ല; എംഎല്‍എമാര്‍ക്ക് കേരളത്തിനകത്തും ഇനി വിമാനയാത്ര…….!

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് ഇനി കേരളത്തിനകത്തും വിമാനയാത്ര നടത്താം. പ്രതിവര്‍ഷം പരമാവധി അമ്പതിനായിരം രൂപയുടെ വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് പുതിയ ബില്ല് അവതരിപ്പിച്ചു. നിയമസഭാസമിതി യോഗങ്ങളില്‍ പങ്കെടുക്കാനാണ് വിമാനയാത്ര അനുവദിച്ചിട്ടുള്ളത്. ജനങ്ങള്‍ ചെലവുചുരുക്കാനും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രിയുടെ ആഹ്വാനം ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കേയാണ് നിയമസഭാസമാജികരുടെ നിലവിലെ ആനുകൂല്യങ്ങളില്‍ സമഗ്രഭേദഗതി നിര്‍ദേശിച്ചുള്ള ബില്‍ അവതരണത്തിന് തയ്യാറായത്. മുമ്പ് നിയമസഭാ സമിതിയുടെ സംസ്ഥാനത്തിന് പുറത്തുള്ള സിറ്റിങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു സാമാജികര്‍ക്ക് വിമാനയാത്ര അനുവദിച്ചിരുന്നത്. ഇപ്പോഴത് സംസ്ഥാനത്തിനകത്ത് നടക്കുന്ന സിറ്റിങ്ങുകള്‍ക്കും അനുവദിക്കാന്‍ തീരുമാനമായി. യോഗങ്ങളില്‍പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ചെലവിനായി അഞ്ഞൂറുരൂപയും അനുവദിക്കും.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടിസ്പീക്കര്‍ എന്നിവരുടെ അടിസ്ഥാന വേതനം ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി ഉയര്‍ത്തും. എംഎല്‍എമാരുടെ നിയോജകമണ്ഡലം അലവന്‍സിലുമുണ്ട് വര്‍ധന. 12000 രൂപയായിരുന്ന അലവന്‍സ് 25000 രൂപയാക്കി. യാത്രാപടി പതിനയ്യായിരത്തില്‍ നിന്ന് ഇരുപത്തയ്യായരം രൂപയാക്കാനാണ് തീരുമാനം.
ടെലിഫോണ്‍ അലവന്‍സ് 7500ല്‍ നിന്ന് 11000 രൂപയാക്കും. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വാഹനം വാങ്ങാന്‍ പലിശരഹിത വായ്പയായി പത്ത് ലക്ഷം രുപയും അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. നേരത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതു തന്നെ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ആനുകൂല്യങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ വ്യാപക അമര്‍ഷം ഉയരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7