തിരുവനന്തപുരം: സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കൈമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. ആ മൊഴി നല്‍കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് എന്നതും ബാഗില്‍ അനധികൃതമായി കടത്താന്‍ ഉദ്ദേശിച്ച ഡോളര്‍ ആയിരുന്നു എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. 2020ന്റെ മധ്യത്തില്‍ കത്തിത്തുടങ്ങിയ വിവാദം 2021ലേക്ക് കടക്കുമ്പോള്‍ ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്.
അടുത്ത ആഴ്ച കസ്റ്റംസിന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേരള നിയമസഭയുടെ അധ്യക്ഷന്‍ എത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രതി പട്ടികയില്‍ പി ശ്രീരാമകൃഷ്ണന്‍ എന്ന പേര് എഴുതി ചേര്‍ക്കുമോ അതോ അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനാകുമോ എന്നത് ചോദ്യം ചെയ്യലില്‍ നല്‍കുന്ന മറുപടികളെ ആശ്രയിച്ചിരിക്കും.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണമടങ്ങുന്ന ഒരു ബാഗ് പിടിച്ചെടുക്കുന്നു. ആ ബാഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സ്വപ്‌ന സുരേഷ് എന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയിലേക്ക് എത്തുകയും അവര്‍ അറസ്റ്റിലാകകയും ചെയ്തതോടെ സ്വപ്‌നയോട് ബന്ധമുള്ളവരെയെല്ലാം കണ്ടുപിടിക്കാനുള്ള അനേഷണത്തിലായിരുന്നു അന്വേഷണ ഏജന്‍സികളും പ്രതിപക്ഷവും മാധ്യമങ്ങളും. ഇതിനിടെ സ്വപ്‌ന കേരള രാഷ്ട്രീയത്തിലെയും ഭരണതലപ്പത്തെയും പല പ്രമുഖരോടൊപ്പം ചടങ്ങുകളില്‍ പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നു.
അതിലൊന്ന് സ്വപ്‌നയ്‌ക്കൊപ്പം സ്വീക്കര്‍ വേദി പങ്കിടുന്നതായിരുന്നു. കാര്‍ പാലസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയപ്പോഴുള്ള ദൃശ്യങ്ങളായിരുന്നു അത്. ദൃശ്യങ്ങള്‍ പ്രചരിക്കുകയും പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ വരികയും ചെയ്തതോടെ സ്പീക്കര്‍ വിശദീകരണവുമായി രംഗത്തെത്തി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്‌നയെ പരിചയപ്പെട്ടതെന്നും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഉദ്ഘാടനത്തിന് പോയതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.
സ്വപ്‌നയുടെ രഹസ്യമൊഴിയിലെ പേരുകള്‍ കേട്ട് കോടതി ഞെട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും സ്പീക്കര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ കടുത്തു. അതിലൊരാള്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് എന്നും ചില സൂചനകള്‍ പുറത്തുവന്നു. പിന്നാലെ കോടതി കേട്ട് ഞെട്ടിയ പേരുകളിലൊന്ന് സ്പീക്കറുടേതാണെന്ന ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ഈ ആരോപണത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ ആരോപണങ്ങള്‍ നിലനില്‍ക്കവേയാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് സ്വപ്നയെ പരിചയമുണ്ട്. എന്നാല്‍ വിദേശത്ത് യാതൊരു കൂടിക്കാഴ്ചയും പ്രതികളുമായി നടത്തിയിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ പദവിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും വാര്‍ത്താ സമ്മേളനം നടത്തി പറയുകയുണ്ടായി.